മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു നല്‍കേണ്ടതായ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകളുടെ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടു മാസം തികയുന്ന തീയതിക്കോ അതിനു ശേഷമോ പരിഗണനയ്‌ക്കെടുക്കും. പ്രാഥമിക വിജ്ഞാപനം സംബന്ധിച്ചുള്ള പരാതികള്‍ ഇതിനു മുന്‍പ് പരിഗണിക്കും. ആക്ഷേപങ്ങളും നിര്‍ദേശങ്ങളുമുണ്ടെങ്കില്‍ ഗവണ്‍മെന്റ് അഡിഷണല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ അയക്കണം.
പ്രാഥമിക വിജ്ഞാപനമനുസരിച്ച് മാനേജര്‍ക്ക് 15,090 രൂപയും സെയില്‍സ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ്മാര്‍, ക്രെയിന്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് 14,370 രൂപയും ക്ലാര്‍ക്ക്, ഒ.എ, അക്കൗണ്ടന്റ്, സെയില്‍സ് മാന്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍ വിഭാഗക്കാര്‍ക്ക് 13,690 രൂപയും ക്ലീനര്‍, ഹെല്‍പ്പര്‍, വാച്ച്മാന്‍, സ്വീപ്പര്‍ എന്നിവര്‍ക്ക് 13,040 രൂപയുമാണ് പ്രതിമാസ വേതനമായി വ്യക്തമാക്കിയിട്ടുള്ളത്. ദിവസ വേതന വിഭാഗത്തില്‍ പോളിഷര്‍, കട്ടര്‍ എന്നിവര്‍ക്ക് 600 രൂപയും ലോഡിങ് ആന്‍ഡ് അണ്‍ലോഡിങ് വര്‍ക്കര്‍മാര്‍ക്ക് 640 രൂപയും പ്രതിദിന അടിസ്ഥാന വേതനമായി പ്രാഥമിക വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീസ് റേറ്റ് വിഭാഗം ജോലിക്കാര്‍ക്ക് ഗ്രാനൈറ്റ് സ്ലാബ്, മാര്‍ബിള്‍ സ്ലാബ് ടണ്‍ ഒന്നിന് 560 രൂപയും ഗ്രാനൈറ്റ് / മാര്‍ബിള്‍ പീസ്, ടൈല്‍ വിഭാഗം ജോലിക്കാര്‍ക്ക് ടണ്‍ ഒന്നിന് 475 രൂപയുമാണ് അടിസ്ഥാന വേതനമായി വ്യക്തമാക്കിയിട്ടുള്ളത്.
അടിസ്ഥാന വേതനത്തിനു പുറമേ എല്ലാ തൊഴിലാളികള്‍ക്കും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ഉപഭോക്തൃ വില സൂചികയുടെ 300 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും മാസ ശമ്പളക്കാര്‍ക്ക് 26 രൂപ നിരക്കിലും ദിവസ വേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും ക്ഷാമ ബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. ഒരു സ്ഥാപനത്തില്‍/ ഒരു തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ സേവന കാലയളവുള്ള പ്രതിമാസ ശമ്പളക്കാരും ദിവസവേതനക്കാരുമായ തൊഴിലാളികള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ സേവന കാലയളവിന് അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനം സര്‍വീസ് വെയിറ്റേജും ലഭിക്കും. 10 വര്‍ഷം മുതല്‍ 15 വര്‍ഷത്തില്‍ താഴെ സേവന കാലയളവുള്ളവര്‍ക്ക് അടിസ്ഥാന വേതനത്തിന്റെ 10 ശതമാനവും 15 വര്‍ഷമോ അതിനു മുകളിലോ സേവന കാലയളവുള്ളവര്‍ക്ക് 15 ശതമാനവും സര്‍വീസ് വെയിറ്റേജായി അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം.
വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് അതിന് തുടര്‍ന്നും അര്‍ഹതയുണ്ടായിരിക്കും. മാസ ശമ്പളം നിശ്ചയിച്ചിട്ടുള്ള തൊഴിലാളിക്കോ തൊഴിലാളി വിഭാഗത്തിനോ ദിവസ വേതനം കണക്കാക്കുന്നത് അവര്‍ക്കു നിശ്ചയിച്ചിട്ടുള്ള മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചായിരിക്കണം. ദിവസ വേതനം നിശ്ചയിച്ചിട്ടുള്ള തൊഴിലാളികള്‍ക്കും തൊഴിലാളി വിഭാഗത്തിനും മാസ വേതനം കണക്കാക്കുന്നത് ആ വിഭാഗക്കാരുടെ ദിവസ വേതനത്തെ 26 കൊണ്ട് ഗുണിച്ചായിരിക്കണം.