ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട്   സംസ്ഥാനത്ത് 1,00244 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. 2020ൽ ഈ വീടുകൾ ഗുണഭോക്താക്കളെ ഏൽപിക്കുകയാണ് ലക്ഷ്യം. ചോറോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 32 വീടുകളുടെ താക്കോൽദാനം  കൈനാട്ടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

 56 ഭവന സമുച്ചയങ്ങളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്‌. റവന്യു, പൊതുമരാമത്ത്, ജലസേചനം, വാട്ടർ അതോറിട്ടി, ഹൗസിങ്ങ് ബോർഡ് തുടങ്ങിയവയുടെ കൈവശമുള്ള ഭൂമി ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി  ഇതിനകം 1,37400 വീട് നിർമാണം പൂർത്തിയാക്കി കൈമാറി കഴിഞ്ഞു. നാടിന്റെ വികസന പ്രക്രിയയിൽ നിന്ന് ഒരു വ്യക്തി പോലും പുറത്താകരുതെന്ന് സർക്കാറിന് നിർബന്ധമുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർ മുതൽ എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുന്ന വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പുത്തൻ വികസന സംസ്ക്കാരം വളർത്തിയെടുക്കാൻ സർക്കാറിന് കഴിഞ്ഞു. ഇടനിലക്കാരെയും ദല്ലാൾമാരെയും അഴിമതിക്കാരെയും ഭരണസിരാ കേന്ദ്രങ്ങളിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു. പ്രകടന പത്രികയിൽ 600 പദ്ധതികളാണ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. അതിൽ 53 എണ്ണം മാത്രമാണ് ഇനി നടപ്പാക്കാനുള്ളത്. കേരളത്തിന്റെ പുനർനിർമാണത്തിന് 31,000 കോടി രൂപയാണ് ആവശ്യം. ഭാവി ദുരന്തങ്ങളെ അതിജീവിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനം ചോറോട് പഞ്ചായത്തിൽ ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ടത്തിൽ അർഹതപ്പെട്ട 32 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകിയത്  സി .കെ .നാണു എം.എൽ.എ  അധ്യക്ഷനായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ സ്വാഗതം പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ,  ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെരാജൻ,  വൈസ് പ്രസിഡന്റ് കെ. കെ.തുളസി,  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി .കെ റീജ തുടങ്ങി വിവിധ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു .