നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മിന്നല്‍ പരിശോധന നടത്തി. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം കെട്ടിട നിര്‍മാണ സൈറ്റുകളിലെ തൊഴില്‍ സുരക്ഷിതത്വവും സുരക്ഷാ ക്രമീകരണങ്ങളും തൊഴിലാളികളുടെ വേതനവും സംബന്ധിച്ച് പരിശോധന നടത്താന്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജനാണ് ഉത്തരവിട്ടത്.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാലിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം, കൊല്ലം, കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി നടന്ന പരിശോധനയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ കീഴില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരും മറ്റ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി.
കൊല്ലം റീജിയണില്‍ 53ഉം എറണാകുളം റീജിയണില്‍ 41-ഉം കോഴിക്കോട് റീജിയണില്‍ 35-ഉം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സൈറ്റുകളിലും പണി പൂര്‍ത്തിയാക്കിയ സൈറ്റുകളിലുമാണ് പരിശോധന നടത്തിയത്. മിനിമം വേതനം, ബോണസ്, രജിസ്‌ട്രേഷന്‍, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയായിരുന്നു പരിശോധിച്ചത്.
മൊത്തം 129 പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ 3500 തൊഴിലാളികളെ നേരിട്ടു കണ്ടു. ഇതില്‍ 3428 പുരുഷന്മാരും 72 സ്ത്രീകളും ഉള്‍പ്പെടുന്നു. മിനിമം വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണം ആകെ പരിശോധനയില്‍ കണ്ടെത്തിയത് 1675 ആണ്. (പുരുഷന്മാര്‍ 1649, സ്ത്രീകള്‍ – 16). രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ എണ്ണം 77 ആണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയത് 61 എണ്ണമാണ്. സെസ് അടച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ 119 എണ്ണവും. കൊതുക് നിവാരണത്തിന് 75 സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.
പരിശോധന നടത്തിയ തൊഴിലാളികളില്‍ 878 പേര്‍ക്ക് ആവാസ് കാര്‍ഡ് ലഭ്യമായിട്ടില്ല. ഇത് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചിട്ടില്ലാത്തവയ്ക്ക് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബില്‍ഡിങ് സെസ് ഇനത്തില്‍ തുക അടയ്ക്കാത്ത എല്ലാ നിര്‍മാതാക്കളോടും അടിയന്തരമായി തുക അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. പുതുതായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തൊഴില്‍ വകുപ്പില്‍നിന്നും എടുക്കേണ്ടതായ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കി.
മലപ്പുറത്ത് രണ്ട് നിര്‍മാണ സൈറ്റുകള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.