തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും

വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികൾക്കായി ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 100 വീടുകൾ നിർമ്മിച്ച് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ സി.കെ.ശശീന്ദ്രൻ.എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  ഭവന നിർമ്മാണ പദ്ധതിയ്ക്കായി സ്ഥലം സൗജന്യമായി വിട്ടുനൽകുന്ന വിഷയം തോട്ടം ഉടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീട് ലൈഫ് പദ്ധതി മുഖേന ലഭ്യമാക്കാൻ സർക്കാർ തീരുമാനമെടുത്ത്  ലൈഫ് മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ തോട്ടം തൊഴിലാളികളെ നാല് കാറ്റഗറികളായി തിരിച്ച് തൊഴിൽ വകുപ്പ് നടത്തിയ സർവ്വേയിൽ 32,591 പേർ ഭൂരഹിതരും ഭവനരഹിതരുമാണെന്ന് കണ്ടെത്തിയിരുന്നു.  ഈ വിവരങ്ങൾ ലൈഫ് മിഷന് പ്രത്യേകമായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതും സ്വന്തമായി സ്ഥലമുള്ളവരും ഭവന രഹിതരുമായ തൊഴിലാളികൾക്ക്  നാല് ലക്ഷം രൂപ ചെലവിൽ നാനൂറ് ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്വതന്ത്ര ഭവനങ്ങളും സ്വന്തമായി ഭൂമിയില്ലാത്തവർക്ക് 400 ചതുരശ്രയടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റ് കോംപ്ലക്സുകളും നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.  ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ കുറ്റിയാർവാലിയിൽ ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള ഭവന നിർമ്മാണം പുരോഗമിച്ചു വരികയാണ്. തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന സ്വന്തമായി സ്ഥലമില്ലാത്ത തോട്ടം തൊഴിലാളികൾക്ക് ഭവന നിർമ്മാണത്തിനായി മൂന്നാറിൽ റവന്യൂ വകുപ്പിന്റെ 5.49 ഏക്കർ ഭൂമി കൈമാറ്റം ചെയ്ത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും മന്ത്രി മറുപടി നൽകി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ധാരണയാവാത്ത സാഹചര്യത്തിൽ തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം 50/ രൂപ ഇടക്കാലാശ്വാസം നൽകാൻ കരാറുണ്ടാക്കിയിട്ടുണ്ട്.  മേഖലയിലെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഈ മാസം 14-ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി