ലഹരി പദാർത്ഥങ്ങളുടെ വർധിച്ചുള്ള ഉപയോഗം സമൂഹം അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ  പറഞ്ഞു. 17ാ മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയുടെ  ഉദ്ഘാടനം ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. പദ്ധതിയുടെ ഭാഗമായി നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന തീവ്രയജ്ഞ ബോധവൽക്കരണ പരിപാടിക്ക് സർക്കാർ തുടക്കം കുറിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൂടിയാണ് 90 ദിവസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 വരെയാണ് പരിപാടി നീണ്ടു നിൽക്കുക. ലഹരി വർജ്ജനത്തിലൂടെ ലഹരി വിമുക്ത കേരളം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായി മയക്കുമരുന്നു വേട്ട നടത്തുക വഴി ജനങ്ങൾക്ക് എക്സൈസിന്റെ സാന്നിധ്യം  അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉയർന്ന പരിഗണന സർക്കാർ നൽകുന്നുണ്ട്. 41.52 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാർ കാലയളവിൽ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. 384 പുതിയ തസ്തികകൾ അനുവദിച്ചു. 138 വനിത സിവിൽ എക്സ്സൈസ് ഓഫീസറും 90 സിവിൽ എക്സ്സൈസ് ഓഫീസറും ഉൾപ്പെടെ എൻഫോഴ്സ്മെന്റിന് മാത്രമായി 282 തസ്തികകൾ സൃഷ്ടിച്ചു. ആറ് പുതിയ സർക്കിൾ ഓഫീസും രണ്ട് ജനറേറ്ററി സർക്കിൾ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ജില്ലാ ഓഫീസുകൾ ഇ ഓഫീസുകളാക്കി. മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ജോയിൻറ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. ലഹരി വേട്ട ശക്തമാക്കാൻ നിലവിലുള്ള മൂന്ന് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പുറമെ എക്സൈസ് ജോയിൻറ് കമ്മീഷണറുടെ  നിയന്ത്രണത്തിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡും രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ മീരാ ദർശക്, ജില്ലാ കളക്ടർ സാംബശിവറാവു,  എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ, സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ ആർ അജയൻ, എൻഫോഴ്സ്മെന്റ് അഡീഷണൽ എക്സൈസ്  കമ്മീഷണർ സാം ക്രസ്റ്റി ഡാനിയേൽ, ദേവഗിരി കോളേജ് പ്രിൻസിപ്പാൾ ഡോ ജോസ് ജോൺ മല്ലികശ്ശേരി, ജോയിന്റ് എക്സൈസ് കമ്മീഷണർ വി ജെ മാത്യു, ജോയിന്റ് എക്സൈസ് കമ്മീഷണർ എം എസ് മുഹമ്മദ് സിയാദ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ വി ആർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.  ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 1500 ഓളം കലാകായിക പ്രതിഭകൾ മാറ്റുരക്കും. മേള നാളെ  Nov 10) സമാപിക്കും.