വേജ് കോഡ് സംബന്ധിച്ച് തൊഴിലാളി യൂണിയന്‍ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് ഡിസംബറില്‍ സംസ്ഥാനതല ശില്‍പ്പശാല നടത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഇതു സംബന്ധിച്ച് നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര നോട്ടിഫിക്കേഷന്‍ വരുന്നതിനിടയ്ക്ക് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് മന്ത്രി ലേബര്‍ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ കോഡ് കേന്ദ്രം കൊണ്ടുവരുന്നത് കേരളത്തില്‍ നിലവിലുള്ള നിയമങ്ങളെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങളെ ബാധിക്കുമോയെന്നതിനെക്കുറിച്ചം പരിശോധന ആവശ്യമാണ്. കേന്ദ്ര നോട്ടിഫിക്കേഷന്‍ വരുന്നതുവരെ കേരളത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരണം. നിയമത്തിന്റെ ഓരോ വശങ്ങളും പ്രത്യേകം പരിശോധിക്കുകയോ ഇതിന് അനുബന്ധമായുള്ള റൂള്‍സിന്റെ കരട് ലേബര്‍ കമ്മിഷണറേറ്റ് ഒരു മാസത്തിനുള്ളില്‍ തയാറാക്കി നിയമ വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ നിയമ വകുപ്പ് സെക്രട്ടറി പി.കെ. അരവിന്ദബാബു, ലേബര്‍ കമ്മിഷണര്‍ സി.വി. സജന്‍, അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍മാരായ രഞ്ജിത് പി. മനോഹര്‍, കെ. ശ്രീലാല്‍ എന്നിവരും വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.