തൊഴിലാളികള്‍ക്ക് കഴിയുന്നത്രയും തോതില്‍ ക്ഷേമത്തിന്റെ രക്ഷാകവചമൊരുക്കുക എന്നതാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ ഉദ്ദേശ്യലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭാ മീഡിയ റൂമില്‍ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേമനധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുകയും മികച്ച നിലയില്‍ സേവനം ഉറപ്പു വരുത്തുകയും ചെയ്യാന്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്. ഐഎസ്ഒ അംഗീകാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആധുനികീകരിക്കുകയും ഓഫിസുകള്‍ തൊഴിലാളി സൗഹൃദമാക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ക്ഷേമനിധി അംശദായം ഓണ്‍ലൈനായും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ വഴിയും അടയ്ക്കുന്നതിന് സൗകര്യമുണ്ട്. കേരളത്തിലെ 2800 അക്ഷയ കേന്ദ്രങ്ങളില്‍ നിശ്ചിത ഫീസ് നല്‍കിയും ജില്ലാ ആസ്ഥാനങ്ങളിലെ ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ വഴി സൗജന്യമായും ഇ-ഡിസ്ട്രിക്റ്റ് പബ്ലിക് പോര്‍ട്ടല്‍ വഴിയുമാണ് അംശദായം അടയ്ക്കാം.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ശാഖകളില്‍ വാഹന നമ്പര്‍ നല്‍കിയാല്‍ അംശദായം അടയ്ക്കാനുള്ള സൗകര്യം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇ-സേവാ കേന്ദ്രം വഴി വിഹിതം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. തൊഴിലാളികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകള്‍വഴി പണമടയ്ക്കാനും കഴിയും.
തൊഴിലാളികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകള്‍ വഴി നേരിട്ടു പണമടയ്ക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധി ഓഫിസുകളില്‍ നേരിട്ടു സൈ്വപ്പിങ് മെഷീന്‍ വഴി പണമടയ്ക്കാം. ആദ്യ വിഹിതം അടയ്ക്കുന്നതിന് ബാങ്ക് ഡിഡി ഒഴിവാക്കി പൂര്‍ണമായും ഓണ്‍ലൈന്‍ നടപ്പാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കലും മൊബൈല്‍ ആപ്ലിക്കേഷനും ബോര്‍ഡ് ഉടന്‍ നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ വാഹന സോഫ്റ്റ്വെയറുമായി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ്വെയര്‍ സംയോജിപ്പിക്കുന്ന നടപടി പൂര്‍ത്തിയായി. ഈ സംവിധാനം നിലവില്‍വരുന്നതോടെ ക്ഷേമനിധി വിഹിതം അടച്ച വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രമേ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാഹന്‍ സോഫ്റ്റ്വെയര്‍ വഴി നികുതി അടയ്ക്കാനാകൂ.
നിലവില്‍ 9,31,913 അംഗങ്ങളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്ളത്. 13,59,276 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 മാര്‍ച്ചില്‍ 10,90,686 വാഹനങ്ങളും 8,02,914 തൊഴിലാളികളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 50,66,38,904 രൂപ ആനുകൂല്യങ്ങളായി വിതരണം ചെയ്തുകഴിഞ്ഞു. 2017 – 17ല്‍ 8398 ഗുണഭോക്താക്കള്‍ക്ക് 7,54,61,556 രൂപയും 2017 – 18ല്‍ 17,171 ഗുണഭോക്താക്കള്‍ക്ക് 20,16,38,104 രൂപയും 2018 – 19ല്‍ 14775 ഗുണഭോക്താക്കള്‍ക്ക് 22,95,39,244 രൂപയുമാണ് നല്‍കിയത്.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ, ലേബര്‍ കമ്മിഷണര്‍ സി.വി. സജന്‍, അഡിഷണല്‍ ലേബര്‍ കമ്മിഷണറും ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടിവുമായ രഞ്ജിത് മനോഹര്‍ എന്നിവരും ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.