കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ഉത്തരവായി.
മിനിമം പെന്‍ഷന്‍  സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് ക്യാരേജ് എന്നിവയ്ക്ക് നിലവിലുള്ള നിരക്ക് 1200 ല്‍നിന്ന് 5000 രൂപയായി വര്‍ധിപ്പിച്ചു. ഗുഡ്സ് വെഹിക്കിള്‍ (ഹെവി,ലൈറ്റ്) ഇവ യഥാക്രമം 1200ല്‍നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചു. ടാക്സി ക്യാബ് 1200ല്‍നിന്ന് 2500 ആയും ഓട്ടോറിക്ഷ 1200ല്‍നിന്ന് 2000 ആയും ഉയര്‍ത്തി.
മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം എന്നിവ 50,000 രൂപയില്‍നിന്ന് 1,00,000 ആയും ഉയര്‍ത്തി. അപകട മരണാനന്തര ധനസഹായം 1.5 ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. വിവാഹ ധനസഹായം 20,000 രൂപയില്‍നിന്ന് 40,000 രൂപയായും ഉയര്‍ത്തി. ഇതോടൊപ്പം ഉടമ-തൊഴിലാളി അംശദായം 20 ശതമാനം വര്‍ധിപ്പിച്ചു.