എല്ലാ കശുവണ്ടി ഫാക്ടറികളിലും ഇന്നു മുതല്‍ (നവംബര്‍ 01) മിനിമം വേതനം നിര്‍ബന്ധമാക്കാന്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ അധ്യക്ഷതയില്‍ കശുവണ്ടി മേഖലയിലെ സമരം തീര്‍ക്കാനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
യന്ത്രവത്കരണം നടത്തിയിട്ടുള്ള കശുവണ്ടി സ്ഥാപനങ്ങളില്‍ മിനിമം വേതനം നടപ്പാക്കാന്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. വ്യവസായത്തിലെ മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഒരു മാസത്തിനുള്ളില്‍ വ്യവസായബന്ധ സമിതി വിളിച്ചു ചേര്‍ക്കുമെന്നും ഇരു മന്ത്രിമാരും വ്യക്തമാക്കി. കുടിവറുപ്പിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി തൊഴില്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് ഉദ്യോഗസ്ഥരും നടപടികള്‍ സ്വീകരിക്കുമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. ഗുണമേ• വര്‍ധിപ്പിക്കാതെ വിപണിയില്‍ ഇടപെടാന്‍ കഴിയില്ല. ഇതിനുള്ള നടപടികള്‍ ഫാക്ടറി ഉടമകള്‍ സ്വീകരിക്കണം. സ്ഥാപനങ്ങളൊന്നും അടച്ചുപൂട്ടരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എല്ലാ വ്യവസായങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി പറഞ്ഞു.
സൗഹൃദ അന്തരീക്ഷത്തില്‍ വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വ്യവസ്ഥാപിതമായ രീതിയില്‍ ഫാക്ടറികള്‍ നടത്താന്‍ തൊഴിലുടമകള്‍ തയാറാകണമെന്നും തൊഴിലാളികള്‍ക്ക് കൂലി ഉറപ്പാക്കിക്കൊണ്ട് തൊഴിലാളി യൂണിയനുകളും തൊഴിലുടമകളും സഹകരണ മനോഭാവത്തോടെ മുന്നോട്ടുപോകണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
യോഗത്തില്‍ മിനിമം വേതന ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ. ഗുരുദാസന്‍, ലേബര്‍ കമ്മിഷണര്‍ സി.വി. സജന്‍, കശുവണ്ടി മേഖലയിലെ വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ഉടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.