മുഴുവന്‍ തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ അംഗമാക്കണം;
സെസ് പിരിവ് ഊര്‍ജ്ജിതപ്പെടുത്തണം:
തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുഴുവന്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെയും തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് ഊര്‍ജ്ജിത ശ്രമം നടത്തണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ആവാസ് പദ്ധതിറിവ്യു, ബില്‍ഡിംഗ് സെസ്, ഹാന്റ്‌ലൂം സെസ് എന്നിവ സംബന്ധിച്ച് നിയമസഭാ 5 ഡി ഹാളില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി.
ആവാസ് പദ്ധതി രജിസ്‌ട്രേഷന്‍ സംബന്ധിച്ച് എവിടെയെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ അത് തൊഴില്‍ വകുപ്പും പദ്ധതിക്കായി നിയോഗിച്ചിരിക്കുന്ന സ്മാര്‍ട്ട് ഐടി ടീമും സംയുക്തമായി പരിഹരിക്കണം. നിയമത്തിന്റെ പരിരക്ഷ അര്‍ഹതയുള്ളവര്‍ക്ക് നടപ്പാക്കി നല്‍കേണ്ട ഉത്തരവാദിത്തം തൊഴിലും നൈപുണ്യവും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ ആരംഭിച്ചിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം. ലേബര്‍ കമ്മീഷണറേറ്റ് ഇത് സമയാസമയം പരിശോധിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും വേണം.
ആവാസ് രജിസ്‌ട്രേഷന്‍ പിന്നില്‍ നില്‍ക്കുന്ന ജില്ലകളില്‍ ആവാസ് രജിസ്‌ട്രേഷന്‍ നടപടികള്‍ വര്‍ധിപ്പിക്കണമെന്നും മറ്റ് ജില്ലകളില്‍ റീജണല്‍ തലത്തില്‍ റിവ്യു നടത്തി ലേബര്‍ കമ്മീഷണറേറ്റ് വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ആവാസ് സ്‌പെഷ്യല്‍ ഡ്രൈവ് ഊര്‍ജ്ജിതമാക്കണം. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രി ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തി. ആവാസ് സംബന്ധിച്ച് അടുത്ത രണ്ടു മാസത്തേയ്ക്കുള്ള പരിപാടി തയാറാക്കി ഡിസംബര്‍ 31-ന് മുന്‍പ്  പരമാവധി അതിഥി തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ ജോലി നോക്കുന്ന ഫിഷ് പീലിംഗ് സെന്ററുകള്‍ ഉള്‍പ്പെടെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഇവിടങ്ങളില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ മിനിമം വേതനം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇല്ലാത്തിടങ്ങളില്‍ അതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാപനം സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരമാര്‍ഗ്ഗമാണ് ഉണ്ടാക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ബില്‍ഡിംഗ്, ഹാന്റ്‌ലൂം സെസ് പിരിക്കുന്നതിന് ആവശ്യമായ ജോലി ക്രമീകരണം ജില്ലകളിലുണ്ടാക്കണമെന്ന് മന്ത്രി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ബില്‍ഡിംഗ് സെസ് പിരിവിനു വേണ്ടി പ്രത്യേക ഡ്രൈവ് നടത്തണം. മൂന്നു റീജണുകളായി തിരിച്ച് ഇതിനായി പ്രത്യേക നടപടികള്‍ ലേബര്‍ കമ്മീഷണറേറ്റ് സ്വീകരിക്കണം. തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ക്കായുള്ള പ്രധാന വരുമാനം സെസാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  ക്ഷേമനിധികളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് പെന്‍ഷന്‍കാരെ അതു ബാധിക്കുമെന്ന് മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം. അസസ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ കേസുകളില്‍  സെസ് തുക ഈടാക്കുന്നതിനുള്ള നടപടികള്‍ നവംബറില്‍ സ്വീകരിക്കണം.
ഹാന്റ്‌ലൂം സെസ് പിരിവ് സംബന്ധിച്ച് ജില്ലകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ നിശ്ചയിക്കുകയും ലേബര്‍ കമ്മീഷണറേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണമെന്ന് മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ കണക്ക് കൂട്ടിയ ഹാന്റ്‌ലൂം സെസ് പിരിവ് ലേബര്‍ കമ്മീഷണറേറ്റ് വിലയിരുത്തണം. ജില്ലകള്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കണം. ജില്ലകളില്‍ നിന്നും സെസ് പിരിവ് ആരംഭിച്ച് ഓരോ മൂന്നാം ദിനവും റീജണല്‍ ഓഫീസര്‍ വഴി ലേബര്‍ കമ്മീഷണറേറ്റില്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ കണ്‍സ്ട്രക്ഷന്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.ജോസ്, ഹാന്റ്‌ലൂം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ലേബര്‍ കമ്മീഷണര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ മുതലായവര്‍ പങ്കെടുത്തു.