എക്‌സൈസ് അക്കാദമിയിലെ പരിശീലനം
ആധുനീകരിക്കും : എക്‌സൈസ് മന്ത്രി

എക്‌സൈസ് അക്കാദമിയിലെ പരിശീലനം ആധുനീകരിക്കുമെന്ന് എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എക്‌സൈസ്  വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. പരിശീലനത്തിന് മികവുറ്റ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനുള്ള നടപടിക്രങ്ങല്‍ വേഗത്തിലാക്കാന്‍ മന്ത്രി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
എക്‌സൈസ് അക്കാദമിയുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുവദിച്ച തുക ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് മന്ത്രി വിലയിരുത്തി. പദ്ധതികള്‍ക്കുള്ള കരാറുകളുടെ നടപടിക്രമങ്ങല്‍ അന്തിമ ഘട്ടത്തിലാണെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു.
വകുപ്പിന്റെ ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അവലോകനം ചെയ്തു.പദ്ധതി 2020 ഫെബ്രുവരിക്ക് മുമ്പ് പൂര്‍ത്തീകരിക്കുന്നതിനും നിര്‍ദേശം നല്‍കി. സൈബര്‍ സെല്‍ ആധുനീകരണം ഡിസംബറില്‍ പൂര്‍ത്തിയാക്കണം. എക്‌സൈസ് ആസ്ഥാനത്ത് ഐടി സെല്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം.ഓഫീസ് ആധുനീകരണം, സോഫ്റ്റ്‌വെയര്‍ നവീകരണം എന്നിവയും ഫീല്‍ഡ് ഓഫീസുകളുടെ നവീകരണവും ഡിസംബറിനുള്ളില്‍ നടപ്പാക്കണം.
എന്‍ഫോഴ്്‌സ്‌മെന്റ് ഉപകരണങ്ങള്‍ വാങ്ങല്‍, പെട്രോളിംഗ് വാഹനങ്ങള്‍ വാങ്ങുന്ന നടപടി, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ അടിസ്ഥാന സൗകര്യ വികസനം, വിമുക്തി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള നടപടികല്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പെട്രോളിംഗ് വാഹനങ്ങളുടെ ഉദ്ഘാടനം എക്‌സൈസ് മന്ത്രി നവംബറില്‍ നിര്‍വഹിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.