സര്‍ക്കാരിലേയ്ക്ക് ലഭിക്കേണ്ട വരുമാനം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ പ്രത്യേക പരിശോധന നടത്തണമെന്നും ഇടപെടലുകള്‍ ശക്തമാക്കണമെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴിലും നെപുണ്യവും വകുപ്പിനു കീഴിലുള്ള മുഴുവന്‍ വകുപ്പുകളുടെയും പദ്ധതിപ്രവര്‍ത്തനം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി .
ക്ഷേമനിധി ബോര്‍ഡുകളുടെ സെസ് പിരിവ് അവലോകനം ചെയ്ത് നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ബജറ്റിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍  ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കണം. മാര്‍ച്ച് മാസത്തോടെ ബജറ്റ് വിഹിതം പൂര്‍ത്തീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ സംബന്ധിച്ച പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആവാസ് പദ്ധതിയില്‍ നിലവില്‍ നാലു ലക്ഷത്തി അറുപതിനായിരം പേര്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ അതിഥി തൊഴിലാളികളെയും പദ്ധതിയില്‍ അംഗങ്ങളാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി നിലവില്‍ നടന്നുവരുന്ന സ്പെഷ്യല്‍ ഡ്രൈവ് തുടരണം.
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണം. പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തൊഴിലാളികളിലെത്തിക്കുന്നതിനായി സമഗ്രമായ ഇടപെടല്‍ നടത്തണം. ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കമെന്നും മന്ത്രി പറഞ്ഞു. ഗ്രേഡിംഗ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മികച്ച തൊഴിലാളികളെ കണ്ടെത്തി തൊവിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കണം.സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റ് പദ്ധതി സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുകയും ഡിസംബര്‍ മാസത്തില്‍ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഐടിഐ പരിശീലനങ്ങള്‍ വകുപ്പിനും പഠിതാക്കള്‍ക്കും ഉപയോഗപ്രദമാകുന്ന വിധത്തില്‍ പരിഷ്‌ക്കരിക്കണമെന്ന് മന്ത്രി വകുപ്പു ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രൈവറ്റ് ഐടിഐകളുടെ നിലവാരമുയര്‍ത്തുന്നതിനുള്ള നടപടികള്‍ വകുപ്പുതലത്തില്‍ സ്വീകരിക്കണം.സര്‍ക്കാര്‍ ഐടിഐകളിലെയും പ്രൈവറ്റ് ഐടിഐകളിലെയും കുട്ടികളുടെ ഭാവി സര്‍ക്കാരിന് പ്രധാനമാണ്. ഇവിടെ വേര്‍തിരിവ് ഇല്ലാതെയുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം.പ്രൈവറ്റ് ഐടിഐ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ഐടിഐകളുടെ ഗ്രേഡിംഗിന് നടപടി സ്വീകരിക്കണം. ഇതു തുടര്‍ പദ്ധതിയായി നടപ്പാക്കുകയും പ്രൈവറ്റ് ഐടിഐകളില്‍ ആരോഗ്യകരമായ മല്‍സരബുദ്ധി ഉറപ്പാക്കി അതു കുട്ടികലുടെ ഭാവിക്ക് പ്രയോജനകരമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ഗ്രീന്‍ കാമ്പസ് പദ്ധതി വിപുലപ്പെടുത്തണം. എല്ലാ ഐടിഐകളിലും സോളാര്‍ പാനല്‍ സിസ്റ്റം നടപ്പാക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയാരാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ വിശദാംശങ്ങള്‍ക്കായി സര്‍വ്വേ നടത്തുന്നതിന് എംപ്ലോയ്മെന്റ് വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തൊഴില്‍ രഹിതരെയും എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലുള്ളവരെയും കണ്ടെത്താന്‍ സര്‍വ്വേ വഴി സാധിക്കും. തിരുവനന്തപുരം ജില്ലയെ മാതൃകാ ജില്ലയാക്കി ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. മറ്റ് ജില്ലകളിലും സര്‍വ്വേ നടത്തി അര്‍ഹരെ കണ്ടെത്തും .പദ്ധതി പൂര്‍ത്തീകരണത്തിനുള്ള തുക കിലെയില്‍ നിന്നും എംപ്ലോയ്മെന്റ് വകുപ്പിന് നല്‍കണമെന്ന് കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഇഎസ്ഐ പ്രവര്‍ത്തനങ്ങല്‍ അവലോകനം ചെയ്ത മന്ത്രി മരുന്നുകളുടെ ലഭ്യതക്കുറവുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഡയറക്ടറോട് നിര്‍ദേശിച്ചു. തൊഴില്‍ജന്യ രോഗങ്ങള്‍ തടയുന്നതിന് ഇഎസ്ഐയുമായി ചേര്‍ന്ന് പരിശോധനകള്‍ അടിയന്തരമായി നടത്തുന്നതിനും തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് അധികൃതരോട് മന്ത്രി നിര്‍ദേശിച്ചു. കെയ്സ്, ചിയാക്ക്, ഒഡെപെക്ക് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി