മൂത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം രമ്യമായി പരിഹരിക്കുന്നതിനു മുൻകൈയെടുത്തതിന് തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മുൻകൈയെടുത്ത തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചത്.

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് മുത്തൂറ്റ് സമരം സംബന്ധിച്ച ഹർജി പരിഗണിച്ചത്. മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഇരു കക്ഷികളും ക്രിയാത്മകമായി പാലിച്ച് പ്രശ്‌നത്തിനു പരിഹാരം കണ്ടെന്നതിൽ സന്തോഷമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പ്രശ്‌നം പരിഹരിക്കുന്നതിന് ലേബർ കമ്മീഷണർ പ്രത്യേക താത്പര്യം കാണിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലേബർ കമ്മീഷണറേറ്റിലെ മൂന്ന് അഡീഷണൽ ലേബർ കമ്മീഷണർമാരും തൊഴിൽ വകുപ്പിന്റെ ഹൈക്കോടതിയിലെ ലെയ്‌സൺ ഓഫിസർ അടക്കമുള്ള ലേബർ കമ്മീഷണറേറ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രശ്‌നം രമ്യതയിലെത്തിക്കാൻ ഓഫിസ് സമയം കഴിഞ്ഞു പോലും ഏറെ അധ്വാനിച്ചു. സ്‌റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ, ഹൈക്കോടതി നിരീക്ഷകനായി നിയോഗിച്ച ലിജി ജെ. വടക്കേടം എന്നിവരെയും ഹൈക്കോടതി അഭിനന്ദിച്ചു.

മുത്തൂറ്റ് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ ത്രികക്ഷി കരാറലെ വ്യവസ്ഥകൾ പാലിക്കാൻ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. തൊഴിൽ സ്ഥാപനം നിലനിൽക്കേണ്ടത് തന്റെ വ്യക്തിപരവും കുടുംബത്തിന്റേയും ആവശ്യമാണെന്ന് തൊഴിലാളികളും തൊഴിലാളികളില്ലാതെ ബിസിനസിൽ ലാഭമുണ്ടാക്കി മുന്നോട്ടുപോകാനാകില്ലെന്ന് മാനേജ്‌മെന്റും മനസിലാക്കണം. സ്ഥാപനം തങ്ങളുടെ കുഞ്ഞാണെന്ന് മാനേജ്‌മെന്റ് കരുതുന്നതുപോലെതന്നെ തൊഴിലാളികളേയും കാണണണെന്നും റിട്ട് ഹർജി തീർപ്പാക്കി കോടതി നിരീക്ഷിച്ചു.