** ഡീഅഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും
** നവംബര്‍ 30നകം എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബുകള്‍
** കുടുംബശ്രീ വഴി വീടുകള്‍തോറും ബോധവത്കരണം

സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ലഹരി വര്‍ജന മിഷനായ ‘വിമുക്തി’യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കുകയാണ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ‘വിമുക്തി’ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. സെന്ററുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. കുടുംബശ്രീ വഴി വീടുകള്‍ തോറും ലഹരി വിരുദ്ധ സന്ദേശം എത്തിക്കും.

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നവംബര്‍ 30നു മുന്‍പ് ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കും. ആദിവാസി – ഗോത്ര മേഖലകളിലെ ലഹരി ഉപയോഗം തടയുന്നതിനായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകളുടെ അംഗബലം വര്‍ധിപ്പിക്കും. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മേഖലാ അടിസ്ഥാനത്തില്‍ ഡീഅഡിക്ഷന്‍ – കൗണ്‍സിലിങ് സെന്ററുകള്‍ തുറക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

കേരളത്തിലെ എല്ലാ വീടുകളും ലഹരി വിമുക്തമാക്കുന്നതിനുള്ള ബ്രഹത് പദ്ധതിക്കു രൂപം നല്‍കുന്നതിനും യോഗത്തില്‍ ധാരണയായി. എക്‌സൈസ് ആസ്ഥാന കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ എക്‌സൈസ് കമ്മിഷണര്‍ എസ്. അനന്ദകൃഷ്ണന്‍, വിമുക്തി സി.ഇ.ഒയും അഡിഷണല്‍ എക്‌സൈസ് കമ്മിഷണറുമായ(ഭരണം) ഡി. രാജീവ്, കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.