സംസ്ഥാനത്തെ തൊഴിൽരഹിതരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയപ്പെടുത്താനും സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിന്റെ ഭാഗമായി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ തൊഴിലുള്ളവരെന്നും തൊഴിലില്ലാത്തവരെന്നും വേർതിരിച്ചു കണ്ടെത്തുന്നതിനുള്ള മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ ‘സുരക്ഷാ രഥം’ എന്ന പരിശീലന വാഹനം ഉപയോഗിച്ച് ഐ.ടി.ഐ വിദ്യാർഥികൾക്കായി ആരംഭിക്കുന്ന സുരക്ഷിതത്വ ബോധവത്കരണ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിൽരഹിതർ ആരൊക്കെയന്നു കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് ഏതു തരത്തിലുള്ള തൊഴിലവസരങ്ങളാണ് ഉണ്ടാക്കേണ്ടതെന്ന ദിശയിലേക്ക് സർക്കാരിന്റെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള വിപുലമായ അവസരങ്ങൾ വിദ്യാർഥികളടക്കമുള്ളവർക്കു പരിചയപ്പെടുത്തി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണു സർക്കാരിന്റെ നയം. സംസ്ഥാനത്തെ ഐ.ടി.ഐ വിദ്യാർഥികൾക്കു വിദേശ രാജ്യങ്ങളിൽ പരിശീലനം നൽകാൻ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

മാറുന്ന കാലത്തിനൊത്തു വിപുലമായ അവസരങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിൽ ഐ.ടി.ഐകളിൽ പുതിയ പഠന രീതികൾ ആവിഷ്‌കരിക്കും. എല്ലാ ഐ.ടി.ഐകളിലേയും പ്ലേസ്‌മെന്റ് സെല്ലുകൾ വഴി ക്യാംപസിൽനിന്നുതന്നെ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തും. സ്വകാര്യ കമ്പനികളേയും ഏജൻസികളേയും ജോബ് ഫെയറിലൂടെ വിദ്യാർഥികൾക്കു മുന്നിലെത്തിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഐ.ടി.ഐകളിൽ ആധുനിക പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനു സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞു. ഐ.ടി.ഐയ്ക്കു സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സ്വന്തം കെട്ടിടമുണ്ടാക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിനുമുള്ള നടപടികൾ ത്വരിതഗതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപകടരഹിതവും തൊഴിൽജന്യ രോഗമുക്തവുമായ വ്യവസായാന്തരീക്ഷം സൃഷ്ടിക്കുന്നതിന് തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിലുടമകൾക്കും നിർണായക പങ്കുവഹിക്കാനുണ്ടെന്നു മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിലേക്കു തൊഴിലാളിയായി എത്തുന്നതിനു മുൻപുതന്നെ അപകടങ്ങളും രോഗബാധയും സുരക്ഷാ കാര്യങ്ങളും സംബന്ധിച്ച പരിശീലനം ലഭിച്ചാൽ അടിയന്തര സാഹചര്യങ്ങളെ സംയമനത്തോടെ അഭിമുഖീകരിക്കാൻ കഴിയും. അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലെടുക്കാനും സുരക്ഷയ്‌ക്കൊപ്പം സഹപ്രവർത്തകരുടേയും പരിസരവാസികളുടേയും സുരക്ഷ ഉറപ്പാക്കാനും ഇത്തരം പരിശീലനം സഹായകമാകും. ഇതു മുൻനിർത്തിയാണ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാർഥികൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചാക്ക ഐ.ടി.ഐ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ്, വ്യവസായ പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. ധർമജൻ, പ്രിൻസിപ്പാൾ പി. രാജൻ, സ്റ്റാഫ് ക്ലബ് സെക്രട്ടറി പി.കെ. രാജേഷ്, പി.ടി.എ. പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ട്രെയിനിങ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബി. സിയാദ് എന്നിവർ പ്രസംഗിച്ചു.