മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാകണമെന്നും വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യത്തിന്റെ സന്ദേശവാഹകരാവണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  രക്ഷിതാക്കള്‍ക്കൊപ്പം നിന്നുകൊണ്ട് മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും രംഗത്ത് വരണം. നിയമങ്ങള്‍ കൊണ്ട് മാത്രം ഈ  ലക്ഷ്യം കൈവരിക്കുക സാധ്യമല്ല. അതിന് സമൂഹത്തിന്റെ ആകെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  മാലിന്യകൂമ്പാരങ്ങളില്ലാത്ത മനോഹരമായ കേരളം കെട്ടിപ്പടുക്കുമെന്ന് മഹാത്മജിയുടെ ജന്മദിനത്തില്‍ പ്രതിജ്ഞയെടുക്കണമെന്ന് വിദ്യാര്‍ത്ഥികളോട് മന്ത്രി ആവശ്യപ്പെട്ടു.

കാരപ്പറമ്പ് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ നാല് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നടക്കാവ് ജി.വി. എച്ച്. എസ്,  കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,  ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും(എം.സി.എഫ് ) മന്ത്രി ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികളില്‍ നിന്നും പേപ്പര്‍, പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍സ്, പാല്‍ കവര്‍ തുടങ്ങി നാല് തരം വസ്തുക്കള്‍ സംഭരിക്കുന്നതിനാണ്  മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഒരുക്കിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി മിനി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു മുഖ്യാത്ഥിയായി.

മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുക എന്നിവയും കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.  ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേയ്ക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും  ശുചിത്വ സംസ്‌ക്കാരം പ്രചരിപ്പിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടുകളില്‍ ഒഴിവാക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കാനും സംസ്‌കരിക്കാനും പദ്ധതി വഴി സാധിക്കും.  എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ച്ചകളിലാണ് വിദ്യാര്‍ത്ഥികള്‍ വസ്തുക്കള്‍ വീടുകളില്‍ നിന്നും സകൂളില്‍ കൊണ്ട് വരേണ്ടത്. എം.സി.എഫുകളില്‍ നിന്നും വസ്തുക്കള്‍ പാഴ് വസ്തു വ്യാപാരികള്‍ക്കോ ഹരിത കര്‍മ്മ സേനയ്‌ക്കോ നല്‍കും.

ശുചിത്വ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ തലത്തിലെ സന്നദ്ധ സംഘടനകള്‍, പാഴ് വസ്തു വ്യാപാരികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ മിഷന്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ പങ്കാളികളാവും. പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി സ്‌കൂള്‍ തലത്തില്‍ എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  തുടങ്ങിയ സംഘടനകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചുമതല നല്‍കും.

അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്റ് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കബനി സി പദ്ധതി വിശദീകരണം നടത്തി.
കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എ.രമ, ഡി.ഇ.ഒ എന്‍.മുരളി, കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശാദിയ ബാനു, എനര്‍ജി മാനേജേമെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ.എന്‍ സിജേഷ്, പി.ടി.എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.