ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ  1,30375 വീടുകൾ നിർമ്മാണം  പൂർത്തീകരിച്ച് വിതരണം ചെയ്യാൻ സാധിച്ചെന്ന്  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ  ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം  നിർവഹിക്കുകയായിരുന്നു മന്ത്രി. 51643 വീടുകൾ പണി പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. അവയും നിർമ്മാണം പൂർത്തീകരിച്ച്  വിതരണം ചെയ്ത് കഴിഞ്ഞു. 78732 വീടുകൾ പുതുതായി നിർമിച്ചു കഴിഞ്ഞു.  ഇനി ലൈഫിന്റെ  മൂന്നാം ഘട്ടം വരുന്നതോടെ  പദ്ധതി വലിയ രീതിയിൽ  മുന്നോട്ടു പോകുമെന്നത് ഉറപ്പാണ്.

വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യം,  ഐടി ഉൾപ്പെടെയുള്ള തൊഴിൽപരിശീലനം,  നൈപുണ്യവികസനം,  രോഗികൾക്കും വൃദ്ധജനങ്ങൾക്കും  ഉള്ള പ്രത്യേക പരിചരണം,   വാസസ്ഥലങ്ങളിൽ തന്നെ  കഴിയാവുന്നത്ര സൗകര്യങ്ങളും ജീവനോപാധികളും  തുടങ്ങി വിവിധ കാര്യങ്ങൾ  വിഭാവനം ചെയ്യുന്നുണ്ട്. ഇനിയുള്ള നിർമ്മാണ പ്രവൃത്തികൾ ദുരന്തത്തിൽ തകർന്നു പോകുന്നതാവരുത്,  അതാണ് നവകേരള നിർമ്മാണത്തിലൂടെ  ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.

79 വീടുകളാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി മുഖേന രണ്ടാംഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ചത്. 93 വീടുകളാണ് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 16 വീടുകളുടെ അവസാനഘട്ട പ്രവൃത്തി പൂർത്തീകരിച്ചു വരികയാണ്. ഈ മാസത്തോടെ പ്രവൃത്തി പൂർത്തീകരിച്ച് വീടുകൾ വിതരണം ചെയ്യാൻ  സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മന്ദംകാവിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ  സർവേ നടപടികൾ പൂർത്തിയായതായും  ഈ വർഷം തന്നെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അച്യുതൻ,  ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കൽ,  സ്ഥിരം സമിതി അംഗങ്ങളായ സൗദ കെ.കെ,  ടി.വി സുധാകരൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഷൈമ,  പഞ്ചായത്ത് സെക്രട്ടറി ഷിജു.എൽ
.എൽ,  വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.