ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രചാരകര്‍ മദ്യപിക്കുന്നവരും പുകവലിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാകരുത്. വിമുക്തിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും വലിയ തോതില്‍ ബോധവല്‍ക്കരണം നടത്തണം. കുട്ടികളുടെ മുമ്പില്‍ അരുതാത്തത് ചെയ്യാന്‍ പാടില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. ലഹരിയെ അകറ്റി നിര്‍ത്തുമെന്ന് എല്ലാ വിദ്യാര്‍ഥികളും പ്രതിജ്ഞയെടുക്കണം. ലഹരിക്ക് അടിമപ്പെടുന്നതോടെ തകരുന്നത് സ്വന്തം ജീവിതം മാത്രമല്ല, കുട്ടികളില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച രക്ഷിതാക്കളുടെ സ്വപ്നം കൂടിയാണെന്നോര്‍ക്കണം. സ്വയം ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല കൂട്ടുകാരും കാമ്പസിലെ മറ്റ് കുട്ടികളും ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്തണം. അധ്യാപകരും രക്ഷിതാക്കളും പരിസരവാസികളും ഇക്കാര്യത്തില്‍ നിതാന്തജാഗ്രത പാലിക്കണം. ഏതെങ്കിലും കുട്ടികള്‍ ഇത്തരം കെണികളില്‍ പെട്ടുപോയെങ്കില്‍ അവരെ ഒറ്റപ്പെടുത്തരുത്. പകരം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അതിന് സര്‍ക്കാറിന്റേതടക്കം നിരവധി സംവിധാനങ്ങളുണ്ട്. 2761 സ്‌കൂളുകളിലും 511 കോളജുകളിലും ലഹരി വിരുദ്ധ ക്‌ള്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബുകള്‍ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വിമുക്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മിഷനില്‍ 31 പുതിയ തസ്തികകളും 84 താല്‍ക്കാലി തസ്തികകളും സൃഷ്ടിച്ചു. എല്ലാ ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും എക്സൈസ് വകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. ലഹരി വര്‍ജനത്തിലൂടെ ലഹരി വിമുക്ത കേരളം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമാക്കാനാണ് ലഹരി വര്‍ജന മിഷന്‍ വിമുക്തിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. മയക്കുമരുന്ന് വേട്ട ഊര്‍ജിതമാക്കാന്‍ മൂന്ന് മേഖല സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ എക്സൈസ് കമിഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാനതലത്തില്‍ ഒരു സ്പെഷ്യല്‍ സ്‌ക്വാഡ് കൂടി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍, ഉപന്യാസ രചന മത്സരങ്ങളിലെ വിജയികള്‍ക്കും വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി നടത്തി വരുന്നതിന് എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിനുമുള്ള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. ഗാന്ധി സ്മൃതി ലഹരിവിരുദ്ധ സന്ദേശപത്രം ജെഡിറ്റി ഇസ്‌ളാം സ്ഥാപനങ്ങളുടെ സെക്രട്ടറി പി സി അന്‍വര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തരമേഖല ജോയിന്റ് എക്സൈസ് കമമിഷണര്‍ വി ജെ മാത്യു അധ്യക്ഷത വഹിച്ചു. ഐ ആന്റ് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ഡെപ്യൂട്ടി എക്സൈസ് കമിഷണര്‍ വി ആര്‍ അനില്‍കുമാര്‍, ജെഡിറ്റി ഇസ്ലാം ആര്‍ട്സ് ആന്റ് സയന്‍സ്‌കോളജ് പ്രിന്‍സിപ്പല്‍ സി എച്ച് ജയശ്രീ, കെഎസ്ഇഎസ്എ ജില്ലാ സെക്രട്ടറി ജി ബൈജു എന്നിവര്‍ സംസാരിച്ചു. അഡിഷണല്‍ എക്സൈസ് കമിഷണറും വിമുക്തി ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡി രാജീവ് സ്വാഗതവും വിമുക്തി ജില്ലാ മാനേജര്‍ കെ ജയപ്രകാശ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിയ കിറ്റി ഷോയും അരങ്ങേറി.