തൊഴിൽ ശാലകളിലെ സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാർഥികൾക്കായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് സഞ്ചരിക്കുന്ന പരിശീലന – ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (04 ഒക്ടോബർ 2019) രാവിലെ 9.30ന് തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഒരുക്കിയ ‘സുരക്ഷാ രഥം’ ഉപയോഗിച്ചാണ് പരിശീലന – ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

തൊഴിലിടങ്ങളിലെ അപകടങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന് തൊഴിലാളികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സുരക്ഷാ രഥം’ എന്ന പേരിൽ ഐ.ടി.ഐകളിൽ സഞ്ചരിക്കുന്ന പരിശീലന ക്ലാസുകൾക്ക് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് തുടക്കമിടുന്നത്. അപകട സാഹചര്യങ്ങൾ സമചിത്തതയോടെ നേരിടുന്നതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും അപകടത്തിൽപ്പെട്ടവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനും അപകടകരമായ രാസവസ്തുക്കളെക്കുറിച്ചു മനസിലാക്കുന്നതിനും പരിശീലന പരിപാടിയിൽ പ്രാധാന്യം നൽകും. ഐ.ടി.ഐയിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ വ്യവസായ ശാലകളിലേക്ക് എത്തും മുൻപേ സുരക്ഷിത സംസ്‌കാരം പരിചയപ്പെടുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

ചാക്ക ഐ.ടി.ഐയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ് തുടങ്ങിയവർ പങ്കെടുക്കും.