ബി.എസ്.എൻ.എല്ലിൽ പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നു സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര തൊഴിൽ – എംപ്ലോയ്മെന്റ് വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ്വറിന് അയച്ച കത്തിൽ വ്യക്തമാക്കി.Letter to Union Minister

ശമ്പള നിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ. ജീവനക്കാരും കുടുംബവും പട്ടിണിയിലാണ്. കുട്ടികളുടെ വിദ്യഭ്യാസ കാര്യങ്ങൾ പോലും നോക്കുന്നതിന് ഇവർക്കു സാധിക്കുന്നില്ല. വീട്ടു വാടക നൽകാൻ കഴിയാത്തതിന്റെ പേരിൽ പല കുടുംബങ്ങളും വാടക വീടുകളിൽനിന്നും പുറത്താക്കപ്പെട്ട അവസ്ഥയിലുമാണ്. 56 വയസു കഴിഞ്ഞതിന്റെ പേരിൽ തൊഴിലാളികളെ  ജോലിയിൽനിന്നും പുറത്താക്കിയിരിക്കുകയാണ്. ബോണസ്, ഗ്രാറ്റുവിറ്റി, അവരുടെ ന്യായമായ ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം ശമ്പളം പോലും നൽകാതെയാണ് പിരിച്ചുവിടൽ നടപ്പിലാക്കിയത്.

പുതിയ ഉത്തരവനുസരിച്ച് 30 ശതമാനം ജീവനക്കാരെ ഒഴിവാക്കാനും 30 ശതമാനം ചെലവുചുരുക്കാനുമാണ് തീരുമാനം .  അതോടൊപ്പം ആഴ്ചയിൽ ജോലി മൂന്നു ദിവസമായി നിജപ്പെടുത്തുന്നതിനും  നിഷ്‌കർഷിച്ചിരിക്കുകയാണ്. ഇതെല്ലാം ബി.എസ്.എൻ.എല്ലിന്റെ സേവനങ്ങളെയും ബാധിച്ചിരിക്കുന്നു.

സ്ഥിരം ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബർ 18നാണ് ലഭിച്ചത്. ബി.എസ്.എൻ.എല്ലിലെ കോൺട്രാക്റ്റ് ജീവനക്കാർക്ക് 2019 ഫെബ്രുവരി മുതൽ ശമ്പളം ലഭിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിന് ലഭിച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മിക്കവരേയും 2019 ജൂൺ മുതൽ സർവീസിൽനിന്നു പിരിച്ചുവിട്ടും കഴിഞ്ഞു. ഈ സാഹചര്യത്തിൽ കരാർ തൊഴിലാളികൾ 2019 ഫെബ്രുവരി മുതൽ സമരത്തിലാണ്. ബി.എസ്.എൻ.എൽ ആരംഭിച്ചതുമുതൽ കരാർ ജീവനക്കാർ മെയ്ന്റനൻസ് ജോലികൾ, ഓഫിസ് ജോലികൾ, തൂപ്പു ജോലി ഉൾപ്പെടെ താത്കാലികാടിസ്ഥാനത്തിൽ ചെയ്തുവരുന്നവരാണ്. ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ മിനിമം വേജസ്, ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ എന്നിവ ബിൽ വർക്ക് കാറ്റഗറിയിൽപ്പെട്ടവർക്കും ചെറിയ കരാർ തൊഴിലാളികൾക്കും മാത്രമാണ് ലഭ്യമാകുന്നത്. 2013 മുതൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇതെല്ലാം ബി.എസ്.എൻ.എല്ലിനെ തകർക്കുന്നതോടൊപ്പം ജീവനക്കാരേയും തൊഴിലാളികളേയും വഴിയാധാരമാക്കുന്ന നടപടികളുമാണ്.

നിലവിലെ പ്രതിസന്ധിക്കു കാരണം കോൺട്രാക്റ്റർമാർക്ക് കേന്ദ്ര സർക്കാർ ബിൽ തുക നൽകുന്നതിൽ കാട്ടിയ അലംഭാവം മൂലമുണ്ടായതാണ്. കേന്ദ്ര അസിസ്റ്റന്റ് ലേബർ കമ്മിഷണർ വിഷയത്തിൽ ഇടപെട്ടപ്പോൾ കോൺട്രാക്റ്റർമാർ ബി.എസ്.എൻ.എൽ അധികൃതർ തങ്ങൾക്കു നൽകാനുള്ള തുക തീർപ്പാക്കിയാൽ മാത്രമേ ശമ്പള കുടിശിക നൽകാനാകൂ എന്ന നിസ്സഹായാവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ കോൺട്രാക്റ്റർമാർക്ക് കുടിശിക തുക നൽകാൻ കഴിയില്ലെന്ന നിലപാടാണ് ബി.എസ്.എൻ.എൽ മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ബി.എസ്.എൻ.എല്ലിലെ പ്രതിസന്ധിയുടെ പ്രധാന കാരണം ടെലികോം മേഖലയിൽ ചില സ്വകാര്യ സേവനദാതാക്കൾ കടന്നുവന്നതും അവർക്ക് കേന്ദ്ര സർക്കാർ അനധികൃതമായി അധികമായ സാമ്പത്തിക പിന്തുണ നൽകുന്നതുമാണെന്ന് സമരത്തിലുള്ള ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നു. ഇതോടൊപ്പം കേന്ദ്ര സർക്കാർ ബി.എസ്.എൻ.എല്ലിന് സാമ്പത്തിക സഹായം അനുവദിക്കാത്തതും ബാങ്കുകളിൽനിന്ന് കടമെടുക്കാൻ അനുമതി നിഷേധിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായും ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നു.

ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കരാർ തൊഴിലാളികൾക്ക് ശമ്പള കുടിശിക അടിയന്തരമായി നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും പിരിച്ചു വിടൽ നടപടികൾ അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനു വേണ്ടി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.