തൊഴിൽ നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോടു മാനേജ്മെന്റ് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മിനിമം വേതനം വിജ്ഞാപനത്തിന്റെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ അതു വീണ്ടും ചർച്ചചെയ്യാൻ സർക്കാർ തയാറാണെന്നു മന്ത്രി പറഞ്ഞു. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതു നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തവുമുണ്ട്. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മാനേജ്മെന്റ് നിലപാടിൽ മാറ്റംവരുത്തി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ തയാറാകണമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൂടിയാലോചനകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിന് മാനേജ്മെന്റ് സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഫിനാൻസ് സെക്ടറിൽ പ്രത്യേക മിനിമം വേജ് വേണമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരേ ഫിനാൻസ് സെക്ടറിലെ സ്ഥാപനങ്ങളുടെ അസോസിയേഷൻ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കോടതിയുടെ തീർപ്പിനായി കാത്തിരിക്കുകയാണ്. കോടതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും. സൗഹാർദപരമായി പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി തുടരും. പ്രശ്ന പരിഹാരത്തിനുള്ള ഏതു നടപടിക്കും സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ സമരം പ്രഖ്യാപിച്ച നാൾ മുതൽ പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 18ന് ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ തൊഴിലാളി സംഘടനകളുടേയും മാനേജ്മെന്റിന്റ് പ്രതിനിധികളുടേയും യോഗം ചേർന്നിരുന്നു. മാനേജ്മെന്റ് സഹകരണാത്മക നിലപാട് സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് ചർച്ചയിൽ തീരുമാനമുണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്ന് തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ നാലിന് തിരുവനന്തപുരത്തു യോഗം ചേർന്നെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. വീണ്ടും സെപ്റ്റംബർ ഒമ്പതിന് എറണാകുളത്ത് സമവായ യോഗം ചേർന്നു ചില പ്രശ്നങ്ങളിൽ ധാരണയിലെത്തിയെങ്കിലും ശമ്പളത്തിൽ ന്യായമായ വർധന വേണമെന്ന ജീവനക്കാരുടെ മുഖ്യ പ്രശ്നത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല.

ഒമ്പതിലെ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ എത്തിയെങ്കിലും ചർച്ചയിൽ പങ്കെടുക്കാനുള്ള അസൗകര്യങ്ങൾ യോഗത്തെ അറിയിച്ചു പ്രതിനിധികളെ നിയോഗിക്കുകയാണുണ്ടായത്. കമ്പനി പ്രതിനിധികൾക്ക് ചർച്ചയിൽ തീരുമാനങ്ങളെടുക്കാമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ശമ്പള വർധന തത്വത്തിൽ അംഗീകരിക്കുകയും മാനേജ്മെന്റും സർക്കാരും ചേർന്ന് തുക എത്രയെന്നു തീരുമാനിക്കുകയും ചെയ്യണമെന്ന നിർദേശം ഈ യോഗത്തിൽ ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായില്ല. മന്ത്രിയെന്ന നിലയിൽ താൻ ഇക്കാര്യത്തിൽ നേരിട്ടു ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ലേബർ കമ്മീഷണറേറ്റിൽവച്ച് വീണ്ടും പ്രശ്നപരിഹാര ചർച്ച വച്ചത്.

മിനിമം വേതനം സംബന്ധിച്ച കോടതി തീരുമാനം വരുന്നതുവരെ ജീവനക്കാർക്ക് നിലവിലുള്ള ശമ്പളത്തിൽ ഇടക്കാല വർധന വരുത്തണമെന്നും കോടതി തീരുമാനം വരുന്ന മുറയ്ക്ക് ഇതിൽ അന്തിമ തീരുമാനമാകാമെന്നുമുള്ള നിർദേശം ഇന്നലത്തെ യോഗത്തിൽ വച്ചെങ്കിലും അതിനോടും മാനേജ്മെന്റ് അനുകൂല നിലപാടല്ല സ്വീകരിക്കാതിരുന്നതിനെത്തുടർന്നാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.

തോട്ടം മേഖല മിനിമം വേജസ് നടപ്പാക്കാൻ കാലതാമസം നേരിടുന്നുവെന്നുകണ്ട് തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം നടപ്പാക്കിയകാര്യവും ചർച്ചയിൽ മന്ത്രി മാനേജ്മെന്റ് പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തോട്ടം മേഖല പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഇടക്കാലാശ്വാസം നൽകിയത്. ഈ അനുഭവം മുൻനിർത്തിയാണ് ധനകാര്യ സ്ഥാപനങ്ങളുടെ മിനിമം വേജസ് കാര്യത്തിൽ കോടതിയിൽനിന്ന് അന്തിമ തീർപ്പുണ്ടാകുന്നതുവരെ ഇടക്കാലാശ്വാസം നൽകാൻ തയാറാകണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിനു മുൻപ് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റുമായി ലേബർ കമ്മീഷണറേറ്റിൽവച്ച് മന്ത്രി ചർച്ച നടത്തിയിരുന്നു. ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ലേബർ കമ്മിഷണർ സി.വി. സജൻ, അഡീഷണൽ ലേബർ കമ്മിഷണർ രഞ്ജിത് മനോഹർ, സി.ഐ.ടി.യു. നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, കെ. ശിവൻകുട്ടി, കെ.എൻ. ഗോപിനാഥ്, മുത്തൂറ്റ് ഫിനാൻസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.