തൊഴില്‍ വകുപ്പ് ആസ്ഥാനത്ത് ആംഭിച്ച കോള്‍ സെന്റര്‍ വഴി തൊഴില്‍ മേഖലയിലെ പരാതികള്‍ക്കു പരിഹാരമാകുന്നു. ഓഗസ്റ്റില്‍ മാത്രം 410 പരാതികളാണ് കോള്‍ സെന്ററില്‍ ലഭിച്ചത്. ഇതില്‍ 402 എണ്ണം തീര്‍പ്പാക്കി.

തൊഴില്‍ നിരസിക്കല്‍, സാധനങ്ങളുടെ കയറ്റിറക്ക് തുടങ്ങി സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഉടന്‍ പരിഹാരമോ മാര്‍ഗനിര്‍ദേശമോ ലഭിക്കുമെന്നതാണ് കോള്‍ സെന്ററിന്റെ പ്രത്യേകത. തൊഴില്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ലഭിച്ച നാലു പരാതികളില്‍ ഒരെണ്ണം ഒഴികെയുള്ളവ പരിഹരിച്ചു. കയറ്റിറക്ക് തര്‍ക്കവുമായി ബന്ധപ്പെട്ടു ലഭിച്ച ആറു പരാതികളില്‍ മൂന്നെണ്ണവും പരിഹരിക്കപ്പെട്ടു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു ലഭിച്ച മറ്റു 396 പരാതികളും തീര്‍പ്പാക്കി.

തിരുവനന്തപുരം തൊഴില്‍ ഭവനിലെ ലേബര്‍ കമ്മിഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറിലൂടെ ആവാസ്, വേതന സുരക്ഷാ പദ്ധതി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി തൊഴില്‍ സംബന്ധിയായ ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും കൃത്യമായ മറുപടിയും മാര്‍ഗ നിര്‍ദേശവും പരിഹാരവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ്് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും