കോഴിക്കോട് ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ ‘ദ ക്രാഡില്‍’  ന്റെ  ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 7) രാവിലെ 10.30 ന് കാക്കൂര്‍ പഞ്ചായത്തിലെ  പി സി.പാലം യു പി സ്‌കൂളില്‍ നടക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. അങ്കണവാടി ആധുനിക വത്കരണത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രനും പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം എം.കെ രാഘവന്‍ എം.പിയും നിര്‍വഹിക്കും. പ്രീസ്‌കൂള്‍ പുസ്തകം എം.കെ മുരളീധരന്‍ എം.പി പ്രകാശനം ചെയ്യും. ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. വനിതാശിശുക്ഷേമ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.അഫ്‌സത്ത് പദ്ധതി വിശദീകരിക്കും.

     ഐസിഡിഎസ് സേവനങ്ങളെ സമഗ്രമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ  വനിതശിശുവികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടപ്പാക്കുന്നപദ്ധതിയാണ് ദ ക്രാഡില്‍ (The Cradle) അങ്കണവാടികളിലെ  കുട്ടികള്‍ക്കുള്ള  ഭക്ഷണം, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സേവനങ്ങള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, എന്നിവര്‍ക്കുള്ള സേവനം, ശിശുവളര്‍ച്ചാ നിരീക്ഷണം, സ്ത്രീകള്‍ക്കുള്ള നിയമസഹായങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.  ഇംഹാന്‍സ്, ആരോഗ്യവകുപ്പ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിദഗ്ദ ഡോക്ടര്‍മാര്‍, എന്‍.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്.  ജീവനക്കാര്‍ക്ക്  പുതിയ മെനുവില്‍ പരിശീലനം നല്‍കി അങ്കണവാടിയിലൂടെ മികച്ച ഭക്ഷണം നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്.