മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അനുരഞ്ജന ചര്‍ച്ച ഈ മാസം ഒന്‍പതിന് വൈകുന്നേരം മൂന്നുമണിക്ക് എറണാകുളത്ത്  ചേരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സമരവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് എത്താന്‍ കഴിയില്ലയെന്ന ഇ-മെയില്‍ സന്ദേശം മുത്തൂറ്റ് മാനേജ്‌മെന്റ് നല്‍കിയത്. ഈ സാഹചര്യത്തിലും കൂടിയാലോചനയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന നിലപാടില്‍ ഉറച്ചാണ് ഒന്‍പതാം തീയതി എറണാകുളത്ത് ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ എളമരം കരീം, ആനത്തലവട്ടം ആനന്ദന്‍, കെ.ചന്ദ്രന്‍പിള്ള, കെ.എന്‍.ഗോപിനാഥ്, മുത്തൂറ്റ് തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ നിഷാ കെ.ജയന്‍, സി.സി.രതീഷ്, എം.എസ്.അഭിലാഷ്,  ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത് മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.