സംസ്ഥാനത്തെ ടെക്‌സ്റ്റൈൽ മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചു. ലേബർ കമ്മിഷണറേറ്റിൽ ലേബർ കമ്മിഷണർ സി.വി. സജന്റെ അധ്യക്ഷതയിൽ നടന്ന ഐ.ആർ.സി. യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി കരാർ പരിഷ്‌കരിച്ചു.

ഇതു പ്രകാരം സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 1090 രൂപ വർധിപ്പിച്ചു. ക്ഷാമബത്ത ഒരു പോയിന്റിന് 25 പൈസയായി വർധിപ്പിച്ചു. വീട്ടുവാടക അലവൻസ് 555 രൂപയും അവധിയാത്രാ ആനുകൂല്യം 623 രൂപയും വർധിപ്പിച്ചു. വാർഷിക വർധനവിന് നിലവിലെ സംവിധാനം മാറ്റി അടിസ്ഥാന ശമ്പളത്തിന്റെ മൂന്നു ശതമാനമാക്കിയും പരിഷ്‌കരിച്ചു.

സേവനകാല വെയിറ്റേജ് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. ഒരു വർഷം പൂർത്തിയാക്കിയ ഓരോ തൊഴിലാളിക്കും പൂർത്തിയാക്കിയ ഓരോ വർഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിൽ വെയിറ്റേജ് നൽകും. ഇത് ഒറ്റത്തവണ മാത്രമേ ലഭിക്കൂ. ആഭ്യന്തര ഉത്പാദന ക്ഷമതാ അലവൻസ് ഉത്പാദന ശേഷിയുടെ 75 ശതമാനമെങ്കിലും കൈവരിച്ചാൽ മാത്രമേ ലഭിക്കൂ. 75 ശതമാനത്തിന് 100 രൂപ, 85 ശതമാനത്തിന് 250 രൂപ, 95 ശതമാനത്തിന് 400 രൂപ എന്നിങ്ങനെയാകും ആഭ്യന്തര ഉത്പാദന ക്ഷമത അലവൻസ്.

ഷിഫ്റ്റ് അലവൻസ് നൽകുന്നതിൽ മാറ്റമുണ്ടാകും. മൂന്നാം ഷിഫ്റ്റ് അല്ലെങ്കിൽ രാത്രി ഷിഫ്റ്റിനു പുറമേ രണ്ടാം ഷിഫ്റ്റിനും അലവൻസ് നൽകും. മൂന്നാം ഷിഫ്റ്റിന് 100 രൂപ, രണ്ടാം ഷിഫ്റ്റിന് 30 രൂപ എന്നിങ്ങനെ ലഭിക്കും. വാഷിങ് അലവൻസ് 40 രൂപ വർധിപ്പിച്ച് 100 രൂപയാക്കാനും തീരുമാനമായിട്ടുണ്ട്.

നാലു വർഷത്തേക്കുള്ള ദീർഘകാല കരാറായാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്നത്. 2019 ഓഗസ്റ്റ് 21 മുതൽ ഇതിനു പ്രാബല്യമുണ്ട്. പുതിയ കരാർ പ്രകാരം തൊഴിലാളികളുടെ ഉത്പാദനക്ഷമത (ആധുനികവൽക്കരണമല്ലാത്ത) കഴിഞ്ഞ കരാർ നിലവിൽ വന്നതിനുശേഷം കുറഞ്ഞത് 20% വർധിപ്പിച്ച് നൽകണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉത്പാദനക്ഷമത ഉണ്ടാകുന്നതിന് ധാരണ യൂണിറ്റ് തലത്തിൽ ഉണ്ടാക്കിയാൽ മാത്രമേ പുതിയ കരാർ നടപ്പിൽ വരുകയുള്ളൂ.  ഏതെങ്കിലും മില്ലുകളിൽ 20%നുപുറമേ ഉത്പാദന ക്ഷമതയ്ക്ക് സാധ്യതയുണ്ടെങ്കിൽ ആയത് സംബന്ധിച്ച് യൂണിറ്റ് തലത്തിൽ ധാരണയുണ്ടാക്കാവുന്നതാണ്. ലേബർ കോംപ്ലിമെന്റ് അനുപാതം 70:30 ആയിരിക്കും. കാഷ്വൽ തൊഴിലാളികളുടെ പ്രതിദിന വേതനം 500 രൂപ ആയിരിക്കും. ഗൈൻ ഷെയറിംഗ് അനുപാതം 70:30 ആയിരിക്കും.  തൊഴിലാളികളുടെ ഉത്പ്പാദനക്ഷമത കൈവരിക്കുന്ന മില്ലുകളിൽ മാത്രമേ ഇത് ബാധകമാകൂ.

ക്യാന്റീൻ ചെലവിന്റെ അനുപാതം 90:10 ആയിരിക്കും. മാനേജ്‌മെന്റ്(90) : തൊഴിലാളി(10) 2010-നുശേഷം നൽകിയ ഇടക്കാലാശ്വാസമായ 2,600 രൂപ ഉൾപ്പെടയുള്ളതായിരിക്കും പുതിയ കരാർ പ്രകാരമുള്ള വർധന. ഈ കരാർ സംബന്ധിച്ച് യൂണിറ്റ് ലെവൽ ചർച്ച 3 മാസത്തിനകം പൂർത്തീകരിക്കണമെന്നും ഐ.ആർ.സി. യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.

യോഗത്തിൽ തൊഴിലുടമ പ്രതിനിധികളായി കെ. സുധീർ, എം.കെ. സലിം, ശ്രീകുമാർ, കെ.പി. മുഹമ്മദ് ഷെരീഫ്, തൊഴിലാളി പ്രതിനിധികളായി കെ.എൻ. ഗോപിനാഥ്, വിജയൻ കുനിശേരി, കെ. സുരേന്ദ്രൻ, എം.ആർ. രാജൻ, സി. ബാലചന്ദ്രൻ, എം. സിദ്ദീഖ്, പി. രാജു എന്നിവർ പങ്കെടുത്തു.