കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്കായുള്ള 2019 വർഷത്തെ ബോണസ് സംബന്ധിച്ച് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ നടന്ന വ്യവസായ ബന്ധ സമിതി  യോഗത്തിൽ തീരുമാനമായി.

യോഗത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ അനുസരിച്ച് 2019 വർഷത്തെ കശുവണ്ടി തൊഴിലാളികളുടെ ബോണസ് 20% ആയും എക്‌സ്‌ഗ്രേഷ്യ 0.5% ആയും നിശ്ചയിച്ചു. 2019 വർഷത്തെ ബോണസ് അഡ്വാൻസായി 9500 രൂപ നൽകുന്നതിനും തീരുമാനമായി. ബോണസ് എക്‌സ്‌ഗ്രേഷ്യ നിരക്കനുസരിച്ചുള്ള തുക അഡ്വാൻസ് ബോണസിൽ നിന്നും കിഴിച്ച് 2020 ജനുവരി 31നു മുൻപ് തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2019 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയേക്കാൾ കൂടുതലാണ് കൈപ്പറ്റിയ അഡ്വാൻസ് എങ്കിൽ അധികമുള്ള തുക ഓണം ഇൻസെന്റീവായി കണക്കാക്കുകയും ചെയ്യും.

ഈ വർഷത്തെ ബോണസ് അഡ്വാൻസ് സെപ്തംബർ മാസം ആറിനകം  തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2019 ഓഗസ്റ്റ് 15 ന്റെയും തിരുവോണത്തിന്റെയും ഉത്സവ അവധി ശമ്പളം ലഭിക്കാത്ത തൊഴിലാളികൾക്ക് ആയത് ബോണസ് അഡ്വാൻസിനോടൊപ്പം നൽകും.

കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നൽകും.  2019 ഓഗസ്റ്റ് മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാകും ബോണസ് നിശ്ചയിക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞവർഷത്തെ ബോണസ് തുകയിൽ കുറയാതെ ബോണസ് നൽകും. 2018 ജൂലൈ 31 വരെയുള്ള കാലയളവിൽ 75% ഹാജർ ഉള്ളവർക്ക് മുഴുവൻ ബോണസ് അഡ്വാൻസും അതിൽ കുറവ് ഹാജർ ഉള്ളവർ ആനുപാതികമായി ബോണസ് അഡ്വാൻസും നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.

തൊഴിലുടമാ പ്രതിനിധികളായി ബാബു ഉമ്മൻ, രാജേഷ് രാമകൃഷ്ണൻ, അബ്ദുൾ സലാം, ജോബ്‌റാൻ ജി. വർഗീസ്, പി.ആർ വസന്തൻ, എസ്. ജയ്‌സൺ ഉമ്മൻ, എസ്. ജയമോഹൻ, തൊഴിലാളി പ്രതിനിധികളായി കെ. രാജഗോപാൽ, ബി. തുളസീധര കുറുപ്പ്, കരിങ്ങന്നൂർ മുരളി, അഡ്വ. ജി. ലാലു, എ. ഫസലുദ്ദീൻ ഹഖ്, കെ. തുളസീധരൻ എന്നിവരും ലേബർ കമ്മിഷണർ സി.വി. സജനും പങ്കെടുത്തു.