സംസ്ഥാനത്തെ പാറ ഉടയ്ക്കൽ, പാറ പൊട്ടിക്കൽ, റോഡ് നിർമാണവും കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും, നദികളിൽനിന്നു മണൽ വാരലും കയറ്റിറക്കും മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(അച്ചടി) നമ്പർ 71/2019/തൊഴിൽ, തീയതി 2019 ജൂലൈ 29, എസ്.ആർ.ഒ. നമ്പർ 554/2019)

കെട്ടിട നിർമാണ മേഖലയിലെ എട്ടു മണിക്കൂർ ജോലക്ക് ഹൈലി സ്‌കിൽഡ് തൊഴിലാളികൾക്ക് മിനിമം വേതനം 940 രൂപയാക്കി. സ്‌കിൽഡ് – 890 രൂപ, സെമി സ്‌കിൽഡ് – 820 രൂപ, അൺ സ്‌കിൽഡ് – 770 രൂപ, ജെ.സി.ബി. ഹെൽപ്പർ, കടത്തുകാരൻ ഹെൽപ്പർ തുടങ്ങിയവർക്ക് 730 രൂപ വീതവുമാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

റോഡ് നിർമാണ മേഖലയിൽ ഹൈലി സ്‌കിൽഡ് തൊഴിലാളിക്ക് എട്ടു മണിക്കൂർ ജോലിക്ക് 940 രൂപ, സ്‌കിൽഡ് – 890 രൂപ, സെമി സ്‌കിൽഡ് – 820 രൂപ, റാക്ക് പിടിക്കൽ, വീൽ പിടിക്കൽ, റോളർ എന്നീ ജോലികൾക്ക് 770 രൂപ, മറ്റ് അവിദഗ്ധ ജോലികൾക്ക് – 730 രൂപ എന്നിങ്ങനെയും മിനിമം വേതനം പുതുക്കി.

പാറപൊട്ടിക്കൽ, കരിങ്കല്ലുടയ്ക്കൽ മേഖലയിൽ എട്ടു മണിക്കൂർ ജോലിക്ക് ചുവടെ പറയും പ്രകാരം മിനിമം വേതനം നിശ്ചയിച്ചു. ക്രഷർ ഓപ്പറേറ്റർ – 940 രൂപ, ജാക്ക് ഹാമർ ഓപ്പറേറ്റർ – 890 രൂപ, പാറ പൊട്ടിക്കൽ, കരിങ്കല്ലുടയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടു ലോറിയിലേക്കോ മറ്റു വാഹനങ്ങളിലേക്കോ വാഹനങ്ങളിൽനിന്നോ അല്ലാതെയോ ഉള്ള കയറ്റിറക്ക്, കയറ്റിറക്ക് സഹായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ എന്നിവർക്ക് – 770 രൂപ. പാറ വെടിവച്ചു പൊട്ടിക്കുന്നതിനും പാറ തുളയ്ക്കുന്നതിനും ഓരോ 30.5 സെന്റിമീറ്റർ ദ്വാരത്തിനും 145 രൂപ (ആറു ദ്വാരങ്ങൾ), പാറ ചറ്റിക ഉപയോഗിച്ചു പൊട്ടിക്കുന്നതിന് ഓരോ 28.3 ക്യുബിക് ഡെസിമീറ്റർ പാറ കഷണത്തിനും 415 രൂപ (2.25 എണ്ണം നിർദിഷ്ട കഷണങ്ങൾ), കടുപ്പമുള്ള പാറ വലിയ കനമുള്ള ചുറ്റിക ഉപയോഗിച്ചു പൊട്ടിക്കുന്നതിന് ഓരോ 28 ക്യുബിക് പാറ ഡെസിമീറ്റർ കഷണത്തിനും 447 രൂപ (2.25 എണ്ണം നിർദിഷ്ട കഷണങ്ങൾ) എന്നിങ്ങനെയും മിനിമം വേതനം നിശ്ചയിച്ചു. പാറ മെറ്റലായി ഉടയ്ക്കുന്നതിന് ഓരോ അളവിന്റെയും അടിസ്ഥാനത്തിലുള്ള മിനിമം വേതനവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

പുഴ മണൽ ശേഖരണത്തിന് 1080 രൂപ (അഞ്ചു ടൺ), മണൽ വാഹനത്തിൽ കയറ്റുന്നതിന് 1010 രൂപ(അഞ്ചു ടൺ), മണൽ വാഹനത്തിൽനിന്നും / വഞ്ചിയിൽനിന്നും / തോണിയിൽനിന്നും ഇറക്കി 50 മീറ്റർ ദൂരം വരെ വഹിച്ചുകൊണ്ടുപോകുന്നതിന് 1010 രൂപ(അഞ്ചു ടൺ) മണൽ വാഹനത്തിൽനിന്നും / വഞ്ചിയിൽനിന്നും / തോണിയിൽനിന്നും നേരിട്ട് ഇറക്കുന്നതിന് 1010 രൂപ (10 ടൺ ) എന്നിങ്ങനെയും മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി.

അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ (199899=100) 300 പോയിന്റിനു മുകളിൽ വരുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാർക്ക് ഒരു രൂപ നിരക്കിലും മാസ ശമ്പളക്കാർക്ക് 26 രൂപ നിരക്കിലും ക്ഷാമ ബത്ത നൽകണമെന്നും ഉത്തരവിൽ പറയുന്നു.