സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഈ വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് 8.33 ശതമാനം മിനിമം ബോണസ് നൽകും. 24,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കുന്ന പ്രത്യേക ഉത്സവ ബത്തയും നൽകും.

2018 – 2019 സാമ്പത്തിക വർഷം ഉൾപ്പെടെ തൊട്ടു മുൻപുള്ള ഏതെങ്കിലും അഞ്ച് അക്കൗണ്ടിങ് വർഷത്തിലൊന്നിൽ ഉത്പാദനം ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് അനുവദിക്കും. ഒരു വർഷം കുറഞ്ഞത് 30 പ്രവൃത്തി ദിവസമെങ്കിലും ജോലി ചെയ്തട്ടുള്ള ജീവനക്കാരന് ബോണസിന് അർഹതയുണ്ടാകും.

കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിൽ പ്രവർത്തിച്ച എല്ലാ പൊതുമേഖാല സ്ഥാപനങ്ങളും പെയ്‌മെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ബോണസ് നൽകണം. ഈ ആക്ടിൽ നിഷ്‌കർഷിച്ചിട്ടുള്ള കുറഞ്ഞ ബോണസിൽ അധികരിച്ചു ബോണസ് നൽകുന്നതും ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനഹ്ങൾ പെയ്‌മെന്റെ് ഓഫ് ബോണസ് ആക്ടിലെ സെക്ഷൻ 11 പ്രകാരമുള്ള 20 ശതമാനം പരിധി പാലിക്കണം. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതും സർക്കാർ ഗ്രാന്റ്, പ്രവർത്തന മൂലധന സഹായം തുടങ്ങിയവ ഉപയോഗപ്പെടുത്തി കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം ഉണ്ടാക്കിയിട്ടുള്ളതോ സ്ഥാപനത്തിന്റെ മൊത്തം ആസ്തി 2019 മാർച്ച് 31ന് നെഗറ്റീവ് ആയിട്ടുള്ളതോ ആയ പൊതുമേഖലാ സ്ഥാപനങ്ങൾ ബോണസ് 8.33 ശതമാനത്തിൽ പരിമിതപ്പെടുത്തണം. കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടമുണ്ടായ സ്ഥാപനങ്ങൾ 8.33 ശതമാനത്തിൽ അധികരിച്ച് ബോണസ് അനുവദിക്കാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികൾക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധ സമിതികളുടെ തീരുമാനപ്രകാരമുള്ള ബോണസ് അനുവദിക്കും.

ഉത്പാദന മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കും ബോണസ് മാർഗനിർദേശങ്ങൾ ബാധകമാണ്. ഉത്പാദന മേഖലയുമായി ബന്ധപ്പെടാത്ത സഹകരണ സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ സഹകരണ സംഘം രജിസ്ട്രാർ പ്രത്യേകം പുറപ്പെടുവിക്കും.