** രൂപരേഖ തയാറായി, ചെലവ് 100 കോടി
** ഒരു വർഷത്തിനകം യാഥാർഥ്യമാക്കുക ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ
** നൈപുണ്യ വികസനരംഗത്തെ പുത്തൻ ചുവടുവയ്പ്പ്

നിർമാണ – അടിസ്ഥാന സൗകര്യ വികസന രംഗത്ത് ലോക നിലവാരത്തിലുള്ള പരിശീലന സ്ഥാപനമെന്ന ലക്ഷ്യത്തോടെ കൊല്ലത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമിക്ക് രൂപരേഖയായി. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ കൊല്ലം ചാത്തന്നൂരിലെ 10 ഏക്കറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന അക്കാദമിക്ക് 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിർമാണ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ തൊഴിലാളികൾക്കും ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്കും നൈപുണ്യ വികസന പരിശീലനം നൽകുകയെന്നതാണ് നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമിയുടെ ലക്ഷ്യം. നൈപുണ്യ വികസന രംഗത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തനതു ഫണ്ടിന്റെയും സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും.

തൊഴിലാളികളുടെ സാങ്കേതിക അറിവും നിലവാരവും വർധിപ്പിക്കുക, സൂപ്പർവൈസർ നിലവാരം വർധിപ്പിക്കുക എന്നിങ്ങനെയുള്ള രണ്ടു മേഖലകൾ കേന്ദ്രീകരിച്ചാകും അക്കാദമിയിലെ കോഴ്സുകൾ വിഭാവനം ചെയ്യുന്നത്. ഇലക്ട്രിക്കൽ, പെയിന്റിങ്, കോൺക്രീറ്റിങ്, ഹൗസ് കീപ്പിങ്, ഇന്റീരിയർ ജോലികൾ, പ്ലമ്പിങ് എൻജിനീയറിങ്, ഫയർ ആൻഡ് സേഫ്റ്റി, കൽപ്പണി, റോഡ് നിർമാണം, വാട്ടർ പ്രൂഫിങ് തുടങ്ങിയ മേഖലകളിൽ ഹ്രസ്വകാല സാങ്കേതിക പരിശീലനം നൽകുന്നതിനാണ് ആലോചിക്കുന്നത്. കൺസ്ട്രക്ഷൻ മാനേജ്മെന്റ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എച്ച്.വി.എ.സി. എൻജീനീയറിങ്, പ്ലമ്പിങ് എൻജിനീയറിങ്, പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ മേഖലകൾ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, വാട്ടർ പ്രൂഫിങ്, ജി.പി.എസ്. അധിഷ്ഠിത സർവെ – മാപ്പിങ്, എസ്.ടി.പി.  / ഡബ്ല്യു.പി.ടി. എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ സൂപ്പർവൈസർ തലത്തിലുള്ള ഹ്രസ്വകാല കോഴ്സുകളും അക്കാദമിയിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി തയാറാക്കിയ രൂപരേഖ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാർക്ക് കൈമാറി. രൂപരേഖ പരിശോധിച്ചശേഷം കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്നും ഒരു വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസന രംഗത്ത് പുതിയ ചുവടുവയ്പ്പാകും അക്കാദമിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ തിരുവല്ലം ശിവരാജൻ, കെ.പി. തമ്പി കണ്ണാടൻ, ഗ്രേസി സാബു, പി. ദിവാകരൻ, എ. നാഗരത്നം, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടർ ഡോ. സേതുമാധവൻ, മാനേജിങ് ഡയറക്ടർ എസ്. ഷാജു തുടങ്ങിയവരും പങ്കെടുത്തു.