കേരളത്തിനകത്തുവച്ച് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച റിവോൾവിങ് ഫണ്ടിന്റെ തുക വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ.)നം. 983/2019/തൊഴിൽ, തീയതി 14/08/2019.

2010ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ വീതം ഓരോ ജില്ലയ്ക്കും റിവോൾവിങ് ഫണ്ട് അനുവദിക്കുകയും ഇത് കൈകാര്യം ചെയ്യുന്നതിന് ജില്ലാ ലേബർ ഓഫിസർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് റിവോൾവിങ് ഫണ്ടിന്റെ പരിധി രണ്ടു ലക്ഷമാക്കി സർക്കാർ ഉയർത്തി. എന്നാൽ, കൂടുതൽ ഇതര സംസ്ഥാന തൊഴിലാൡകൾ താമസിക്കുന്ന ജില്ലകളിൽ നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിൽ നിലവിലെ റിവോൾവിങ് ഫണ്ട് വർധിപ്പിക്കണമെന്ന അപേക്ഷ സർക്കാർ പരിഗണിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ ഫണ്ടിൽ ഇടുക്കി, വയനാട്, കാസർകോഡ് ജില്ലകളിൽ തുക രണ്ടു ലക്ഷം രൂപയായി നിലനിർത്തിക്കൊണ്ടും എറണാകുളം ജില്ലയിൽ തുക അഞ്ചു ലക്ഷം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നാലു ലക്ഷം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്നു ലക്ഷം എന്നിങ്ങനെ തുക ഉയർത്തി സർക്കാർ ഉത്തരവായി.