സംസ്ഥാനത്തെ വന മേഖലയില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ(അച്ചടി)നം.65/2019/തൊഴില്‍, തീയതി 2019 ജൂലൈ 18).

ടൈം റേറ്റഡ് ജോലി വിഭാഗത്തില്‍ അതിവിദഗ്ധരായിട്ടുള്ളവര്‍ക്ക് എട്ടു മണിക്കൂര്‍ ഡ്യൂട്ടിക്കുള്ള അടിസ്ഥാന വേതനമായി സാധാരണ പ്രദേശങ്ങളില്‍ 752 രൂപയും ദുര്‍ഘട പ്രദേശങ്ങളില്‍ 865 രൂപയും അതീവ ദുര്‍ഘട പ്രദേശങ്ങളില്‍ 978 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
വൈദഗ്ധ്യമുള്ളവരുടെ വിഭാഗത്തില്‍ ഇത് യഥാക്രമം 721 രൂപ, 829 രൂപ, 937 രൂപ എന്നിങ്ങനെയാണ് പുതുക്കിയിട്ടുള്ളത്. അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് ഇത് ക്രമമനുസരിച്ച് 674 രൂപ, 775 രൂപ, 876 രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്. അവിദഗ്ധ തൊഴിലാളികള്‍ക്ക് 659 രൂപ, 758 രൂപ, 857 രൂപ എന്നിങ്ങനെയാണ് യഥാക്രമം നിശ്ചയിച്ചിട്ടുള്ളത്.
പീസ് റേറ്റഡ് വര്‍ക്കിംഗ് കാറ്റഗറിയില്‍ കോടാലി കൊണ്ട് മരം മുറിക്കുന്നവര്‍ക്ക് (തൊലി കളയേണ്ടതില്ലാത്ത തടി)യഥാക്രമം (അര ക്യുബിക് മീറ്ററും അതിനു താഴെയും കോടാലി കൊണ്ട് മുറിക്കുന്ന മൂന്നു പേര്‍ എന്ന ക്രമത്തില്‍ ) 2255 രൂപ, 2593 രൂപ, 2931 രൂപ എന്ന് നിശ്ചയിച്ചിട്ടുണ്ട്. അര ക്യുബിക് മീറ്ററിന് മുകളില്‍ ഇത് യഥാക്രമം (കോടാലി കൊണ്ട് മരം മുറിക്കുന്ന 1.5 പേര്‍) 1127 രൂപ, 1296 രൂപ, 1465 രൂപ എന്ന് പുതുക്കിയിട്ടുണ്ട്.
മരം മുറിക്കലും ഹാര്‍ഡ് വുഡ് തയാറാക്കലും മേഖലയില്‍ (അര ക്യുബിക് മീറ്ററും അതിനു താഴെയും) യഥാക്രമം ഇത് 573 രൂപ, 659 രൂപ, 745 രൂപ എന്നും അര ക്യുബിക് മീറ്ററിന് മുകളില്‍ 283 രൂപ, 325 രൂപ, 368 രൂപ എന്നും ക്രമീകരിച്ചിട്ടുണ്ട്.
തൊലി കളയേണ്ട തടി മേഖലയില്‍ മുന്‍ കാറ്റഗറികളില്‍ ആദ്യത്തേതിന് ഇത് യഥാക്രമം 752 രൂപയും 865 രൂപയും 978 രൂപയുമാണ്. രണ്ടാമത്തെ കാറ്റഗറിയില്‍ ഇത് യഥാക്രമം 376 രൂപ, 432 രൂപ, 489 രൂപ എന്ന് പുതുക്കി.
മരം മുറിക്കലും സോഫ്റ്റ് വുഡ് തയാറാക്കലും മേഖലയില്‍ തൊലി കളയേണ്ടതില്ലാത്ത തടിയില്‍ (അര ക്യുബിക് മീറ്ററും അതിനു താഴെയും) യഥാക്രമം ഇത് 424 രൂപ, 488 രൂപ, 551 രൂപ എന്നും അര ക്യുബിക് മീറ്ററിന് മുകളില്‍ 106 രൂപ, 122 രൂപ, 138 രൂപ എന്നും പുതുക്കി നിശ്ചയിച്ചു. തൊലി കളയേണ്ട തടിയില്‍ തൊഴിലാളികള്‍ക്ക് (അര ക്യുബിക് മീറ്ററും അതിനു താഴെയും)564 രൂപ, 649 രൂപ 733 രൂപ എന്നിങ്ങനെയും അര ക്യുബിക് മീറ്ററിന് മുകളില്‍ യഥാക്രമം 282 രൂപ, 324 രൂപ, 367 രൂപ എന്നും പുതുക്കി നിശ്ചയിച്ചു.
ഫോറസ്റ്റ് നഴ്‌സറിയിലേയും പ്ലാന്റേഷനിലെയും തൊഴിലാളികള്‍ക്ക് ജോലിയുടെ ഇനം, യൂണിറ്റ്, മനുഷ്യ അധ്വാനം എന്ന നിലയില്‍ ഓരോ യൂണിറ്റിനുമുള്ള രൂപ സാധാരണ പ്രദേശം, ദുര്‍ഘട പ്രദേശം, അതീവ ദുര്‍ഘട പ്രദേശം എന്ന നിലയിലും പ്രത്യേകമായി പുതുക്കിയിട്ടുണ്ട്.
പ്രത്യേക നിരക്കുള്ള ജോലി വിഭാഗത്തില്‍ 20 മീറ്റര്‍ വ്യാസാര്‍ഥത്തില്‍ അട്ടി വച്ചിരിക്കുന്ന തടികളെ വാഹനത്തില്‍ കയറ്റുന്നതിനും കയര്‍ കൊണ്ട് കെട്ടുന്നതിനും ക്ഷാമബത്ത ഉള്‍പ്പെടെ ക്യുബിക് മീറ്ററിനുള്ള നിരക്ക് (സാധാരണ പ്രദേശങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും) 1320 രൂപയാണ്. ഇവിടെ മാറുന്ന ക്ഷാമബത്ത ബാധകമല്ല.
പുതുക്കിയ അടിസ്ഥാന വേതനത്തിനു പുറമേ ദിവസ വേതന തൊഴിലാളികള്‍ക്കും പീസ് റേറ്റ് തൊഴിലാളികള്‍ക്കും കേരള സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അതത് ജില്ലാ കേന്ദ്രത്തിനു വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്ത്ൃ സൂചികയുടെ (1998-99=100) 280 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും ഒരു ദിവസം ഒരു രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം.ഏറ്റവും പുതിയ ഉപഭോക്ത്ൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലെയും ആദ്യ ദിവസത്തില്‍ ക്ഷാമബത്ത കണക്കാക്കണം.
പീസ് റേറ്റ് തൊഴിലാളികള്‍ക്ക് ഒരു പൂര്‍ണ്ണമനുഷ്യാധ്വാനത്തിന്റെ ഒരു ക്ഷാമബത്ത, പരമാവധി ഒരു ദിവസത്തേക്ക് ഒരു ക്ഷാമബത്ത എന്ന നിലയില്‍ അവര്‍ ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ക്ഷാമബത്ത അനുവദനീയമാണ്. ഇവര്‍ക്ക് പൂര്‍ണ്ണമായ ബാക്ക് വേജസ് എന്നത് അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവും പൂര്‍ണ്ണ ക്ഷാമബത്തയുമായിരിക്കും. പുതുക്കി നിശ്ചയിക്കുന്ന കുറഞ്ഞ വേതന നിരക്കുകളേക്കാള്‍ ഉയര്‍ന്ന വേതനം ഏതെങ്കിലും പ്രദേശത്തുള്ള തൊഴിലാലികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അതു തുടര്‍ന്നും നല്‍കണം.ദിവസ വേതന തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തിന്റെയും ക്ഷാമബത്തയുടെയും 26 ഇരട്ടിയായിരിക്കും മാസവേതനം.