പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് ഇഎസ്‌ഐ ആശുപത്രികളിലെ രണ്ടാമത് കീമോതെറാപ്പി യൂണിറ്റാണിത്. പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി കീമോതെറാപ്പി യൂണിറ്റിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബുധനാഴ്ച ഉദ്ഘാടനം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. നാല് കിടക്കകളുള്ള കീമോതെറാപ്പി യൂണിറ്റില്‍ ആര്‍സിസിയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറുടെയും രണ്ട് നഴ്‌സുമാരുടെയും സേവനം ലഭ്യമാകും.

കോഴിക്കോട് ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ കീമോതെറാപ്പി യൂണിറ്റ് ജൂലൈ 31ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. തൃശൂര്‍ ജില്ലയിലെ ഒളരിക്കര ആശുപത്രിയിലും കീമോതെറാപ്പി യൂണിറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കീമോതെറാപ്പിക്ക് വിധേയരാകേണ്ട രോഗികളെ നിലവില്‍ ആര്‍സിസിയിലേക്കും മറ്റും റഫര്‍ ചെയ്യുകയാണ്. ഇഎസ്‌ഐ ആശുപത്രിയില്‍ തന്നെ കീമോതെറാപ്പി സൗകര്യം ഏര്‍പ്പെടുത്തിയത് തൊഴിലാളികള്‍ക്ക് ഏറെ സഹായകമാകും.
ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികള്‍ക്കും കുടുംബത്തിനും കൂടുതല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോതെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ മുളങ്കുന്നത്ത്കാവ് ഇഎസ്‌ഐ ആശുപത്രിയിലാണ് അഞ്ച് ബെഡ്ഡുകളുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കുക. സംസ്ഥാനത്തെ ഒമ്പത് ഇഎസ്‌ഐ ആശുപത്രികളിലും തീവ്രപരിചരണ യൂണിറ്റുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
2019-20 സാമ്പത്തിക വര്‍ഷത്തെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണിത്. സംസ്ഥാനത്ത് പതിനൊന്ന് ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.