*ചുവപ്പു നാടയ്ക്ക് കടിഞ്ഞാണ്‍
*തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പില്‍ പ്രതിമാസ അവലോകനം
*ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തും

സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയും ഉത്തരവാദിത്വവുമാണെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍  വിളിച്ചു ചേര്‍ത്ത തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പുതലവന്‍മാരുടെ യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ചില മേഖലകളില്‍ കാണുന്ന അലംഭാവം വച്ചുപൊറുപ്പിക്കാനാകില്ല. പദ്ധതി വിഹിതം യഥാസമയം വിനിയോഗിക്കുന്നതിലും ഫയലുകളിലെ കാലതാമസം ഒഴിവാക്കുന്നതിനും ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം.
മുന്നിലെത്തുന്ന  ഫയല്‍  വച്ചുതാമസിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ വികസനപ്രകിയയെ തടസ്സപ്പെടുത്തും. ഇതോടൊപ്പം  പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആശ്വാസം ഇല്ലാതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ സംബന്ധമായ ഫയലുകളും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ ഫയലുകളും കൂടുതല്‍ പ്രാധാന്യത്തോടെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യണം. ജനജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന കാഴ്ചപ്പാടോടെ വേണം ഏതൊരു ഫയലിനെയും സമീപിക്കാനെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ എല്ലാ വകുപ്പു തലവന്‍മാരും സ്വീകരിക്കണം. സമയ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും കഴിയുന്നത്ര വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സമയപരിധിക്കുള്ളില്‍ ഫയലുകല്‍ തീര്‍പ്പാക്കാനാകില്ലെങ്കില്‍ അതിനായി ജില്ലാതലത്തില്‍ അദാലത്ത് വച്ച് പരിഹാരമുണ്ടാക്കണം. സംസ്ഥാനതലത്തില്‍ സെക്രട്ടേറിയറ്റില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നതിനുള്ള നടപടികല്‍ സ്വീകരിക്കുന്നതിനും മന്ത്രി വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം. ഇതിന് ഫയലുകളുടെ സാഹചര്യം കണക്കിലെടുത്ത് അവ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണം. ഫയലുകല്‍ തീര്‍പ്പാക്കുകയെന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുകയെന്നാണര്‍ഥമെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിലും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വകുപ്പുകളിലും  ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. പേഴ്സണല്‍ രജിസ്റ്റര്‍ പരിശോധനയുള്‍പ്പെടെ കാര്യക്ഷമമാക്കുന്നതിന് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. എല്ലാ വകുപ്പുകളും അടിയന്തരമായി കെട്ടിക്കിടക്കുന്ന ഫയല്‍ സംബന്ധിച്ച കണക്കുള്‍പ്പെടെ ഓഗസ്റ്റ് ഏഴിനുള്ളില്‍  രേഖാമൂലം സമര്‍പ്പിക്കണം. വകുപ്പു സെക്രട്ടറി, വകുപ്പു മന്ത്രി തലങ്ങളില്‍ പ്രതിമാസ അവലോകന യോഗം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ കോടതികളില്‍ വകുപ്പുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യമുണ്ടാകരുത്. കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കില്ലെന്നുറപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തി മുന്നോട്ടു പോകണം. ഗ്രാറ്റുവിറ്റി കേസുകളുള്‍പ്പെടെ തീര്‍പ്പുകല്‍പ്പിക്കാനുള്ളവയില്‍ അടിയന്തര ജില്ലാതല അദാലത്തുകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമനിധി ബോര്‍ഡുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേബര്‍ കമ്മീഷണറേറ്റിന്റെ മേല്‍നോട്ടം ഉറപ്പാക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 35.48 ലക്ഷമെന്നാണ് കണക്ക്. ഇതില്‍ തൊഴിലുള്ളവരെത്രയെന്നും തൊഴില്‍ രഹിതരായവര്‍ എത്രയുണ്ടാകുമെന്നുള്ള അടിയന്തര സര്‍വ്വേ നടത്തണമെന്ന് മന്ത്രി എംപ്ലോയ്മെന്റ് വകുപ്പിന് നിര്‍ദേശം നല്‍കി. സംസ്ഥാന കരിയര്‍ നയത്തിന്റെ കരട് തയാറായിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കണം. എംപ്ലോയബിലിറ്റി സെന്ററുകളും കരിയര്‍ ഡെവലപ്മെന്റ് സെന്ററുകളും ഇല്ലാത്ത ജില്ലകളില്‍ അവ ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച പ്രൊപ്പോസല്‍ ഉടനടി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വകുപ്പു ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തൊഴില്‍ജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിന് ഇഎസ്ഐ വകുപ്പുമായി സഹകരിച്ച് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.
തോട്ടങ്ങളില്‍ ഭൂമിയും വീടുമില്ലാത്ത തൊഴിലാളികള്‍ക്ക് താമസ സൗകര്യമുറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് എംഡിയ്ക്കും ഭവനം ഫൗണ്ടേഷന്‍ സിഇഓയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേകം പദ്ധതി തയാറാക്കണം. തോട്ടങ്ങള്‍ക്കായി ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സ്‌കീമില്‍ ഉല്‍ക്കൊള്ളിച്ച് വീടുകളുടെ നിര്‍മാണത്തിനുള്ള നടപടികള്‍ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തൊഴില്‍ വകുപ്പില്‍  ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്താനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി  നിര്‍ദേശം നല്‍കി. ഓണം ബോണസ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വേഗത്തില്‍ തയാറാക്കി സമര്‍പ്പിക്കുന്നതിനും മന്ത്രി നിര്‍ദേശിച്ചു.
കെയ്സ് (KASE), ട്രാവന്‍കൂര്‍ കെമിക്കല്‍സ് ആന്റ് ഷുഗേഴ്സ്, ബിവറേജസ്, ഇഎസ്ഐ, ഐടിഐ, കിലെ ,ഒഡിഇപിസി വകുപ്പുകളുടെ ഫയല്‍ നീക്കം സംബന്ധിച്ച പരിശോധനയും നടത്തിയ മന്ത്രി കെട്ടിക്കിടക്കുന്ന ഫയലുകല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും ഫയലുകളുടെ കണക്കുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടിയന്തരമായി  ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.യു.രാജീവ്, വിവിധ വകുപ്പു തലവന്‍മാര്‍, വകുപ്പു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.