തൊഴില്‍ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ  പുതിയ തൊഴില്‍ സാധ്യതകള്‍ കേരളത്തിന്റെ യുവതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അന്താരാഷ്ട്ര യുവജന നൈപുണ്യദിന വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍മേഖലയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍നൈപുണ്യം വികസിപ്പിക്കുന്നതിന്  പ്രാധാന്യം കല്‍പ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വളര്‍ച്ചയുടെ ചുവടുപിടിച്ച് ആഗോള തൊഴില്‍കമ്പോളത്തിലും നിരന്തരമായ മാറ്റങ്ങള്‍ സംഭവിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കി വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.തൊഴില്‍ കമ്പോളത്തിലെ ഏത് മത്സരവും അഭിമുഖീകരിക്കാന്‍ കഴിയുന്ന തരത്തില്‍ നൈപുണ്യശേഷി വികസിപ്പിക്കാന്‍ തൊഴിലന്വേഷകര്‍ക്ക് കഴിയണം. നൂതന ആശയങ്ങള്‍ക്കും നൈപുണ്യത്തിനും ആശയവിനിമ യശേഷിക്കും മുന്‍തൂക്കം ലഭിക്കുന്ന സാഹചര്യമാണ് തൊഴില്‍മേഖലയില്‍ വളര്‍ന്നുവരുന്നത്. വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി രൂപപ്പെടുത്തുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പൊതു – സ്വകാര്യമേഖലകളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനനുസൃതമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.  നിര്‍മ്മാണ മേഖലയിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ആരംഭിച്ചത്.  നൈപുണ്യവികസന രംഗത്ത് ദേശീയശ്രദ്ധ നേടിക്കഴിഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം തൊഴില്‍ ലഭിച്ചു.  പുതിയ 20 കോഴ്‌സുകള്‍ക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
തൊഴില്‍ദായകരെയും തൊഴില്‍ അന്വേഷകരെയും ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന് സര്‍ക്കാര്‍  നേരത്തേ രൂപം നല്‍കിയിരുന്നു. എല്ലാ മേഖലയിലും തൊഴില്‍വൈദഗ്ധ്യമുള്ളവരെ ലഭ്യമാക്കുന്ന സംവിധാനമാണിത്. കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും നൈപുണ്യമുള്ള തൊഴിലാളികളെയും പ്രഫഷണലുകളെയും കണ്ടെത്താന്‍ ജോബ് പോര്‍ട്ടല്‍ വഴി സാധിക്കും.
ഇതോടൊപ്പം കെയ്‌സ് വഴി ആരംഭിച്ചിട്ടുള്ള സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്‌ളിക്കേഷനും തൊഴില്‍ സാഹചര്യങ്ങളെ ഒറ്റ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധമേഖലകളില്‍ തൊഴില്‍വൈദഗ്ധ്യം ആര്‍ജ്ജിച്ചവര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ദൈനം ദിന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അവസരമൊരുക്കിയാണ് സ്‌കില്‍ രജിസ്ട്രി പ്രവര്‍ത്തനസജ്ജമാകുന്നത്. വ്യാവസായിക പരിശീലന വകുപ്പ്,കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ്  സ്‌കില്‍ രജിസ്ട്രി നിലവില്‍ വരുന്നത്. ഇത് പ്ലേ സ്റ്റോറിലും ലഭ്യമാണ്.
വിദ്യാര്‍ഥികളുടെ തൊഴില്‍ശേഷിയും നൈപുണ്യനിലവാരവും ഉയര്‍ത്തുന്നതിന്റെ  ഭാഗമായാണ് ഇന്ത്യ സ്‌കില്‍സ് കേരള 2018 സംഘടിപ്പിച്ചത്. 7500 ഓളം പേര്‍ വിവിധ തലങ്ങളിലായി മത്സരങ്ങളില്‍ നൈപുണ്യശേഷി പ്രകടിപ്പിച്ചു.് കൊച്ചിയില്‍ നടന്ന അവസാനഘട്ടമത്സരത്തില്‍ പങ്കെടുത്ത 112 പേരില്‍  41 വിജയികള്‍  ദേശീയ മേഖലാതലത്തില്‍ മത്സരിച്ചു. ഇന്ത്യ സ്‌കില്‍സ് ഫൈനല്‍ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  പത്തുപേര്‍ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് യോഗ്യത നേടി. ലോക നൈപുണ്യവികസനരംഗത്ത് കേരളത്തിന്റെ  സാന്നിധ്യമുറപ്പാക്കാന്‍ ഇതു വഴി സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പതിനേഴ് പുതിയ സര്‍ക്കാര്‍ ഐടിഐകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. കാലഹരണപ്പെട്ട ട്രേഡുകള്‍ക്കു പകരം നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിമിന്റെ  നിബന്ധനകള്‍ ഉള്‍ക്കൊണ്ട് തൊഴില്‍ സാദ്ധ്യതയുള്ള നൂതന ട്രേഡുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കി. ആദ്യഘട്ടമായി സിംഗപ്പൂരില്‍ 57 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇത്തരം പരിശീലനം എല്ലാ വര്‍ഷവും നടപ്പാക്കും.
യുവാക്കള്‍ക്ക് നൈപുണ്യ ശേഷി ആര്‍ജ്ജിക്കാന്‍ കഴിയുന്ന വിധത്തില്‍ ഐടിഐകളുടെ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക്  ഉയര്‍ത്താനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഐടിഐകളിലെ പ്ലേസ്‌മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയും 7179 ട്രെയിനികള്‍ക്ക്  വിവിധ സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റ് ലഭ്യമാക്കുകയും ചെയ്തു. 2017 മാര്‍ച്ച് മുതല്‍ നടത്തിയ ജോബ് ഫെയറുകളിലൂടെ 8080 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് 11 ജില്ലകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളോട് അനുബന്ധിച്ച് ആരംഭിച്ച എംപ്ലോയബിലിറ്റി സെന്ററുകള്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ സഹകരണത്തോടെ  തിരുവനന്തപുരത്ത് ആരംഭിച്ച പിഎസ്‌സി ഫെസിലിറ്റേഷന്‍ സെന്റര്‍ എല്ലാ  ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രാമീണ മേഖലയിലെ തൊഴില്‍ രഹിതര്‍ക്ക് കരിയര്‍ സംബന്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ  പേരാമ്പ്രയിലാണ് സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ ആദ്യ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചത്. ചിറ്റൂര്‍, നെയ്യാറ്റിന്‍കര, പാലോട്, കായംകുളം എന്നിവിടങ്ങളിലും ആരംഭിച്ച കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍  എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. രാജ്യത്തി നകത്തും പുറത്തുമുള്ള മികച്ച കലാലയങ്ങളിലും മികവിന്റെ കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതിന് കേരളത്തിലെ ബിരുദ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ആരംഭിച്ച ധനുസ്സ്  പരിശീലന പദ്ധതി എല്ലാ ഡജില്ലകളിലും വ്യാപിപ്പിക്കും. മൂന്നു വര്‍ഷത്തെ ധനുസ് സൗജന്യ പരിശീലന പദ്ധതി  ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിലാണ് ആരംഭിച്ചത്. പേരാമ്പ്രയിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരത്തേ പരിശീലനം നേടിയ  40 വിദ്യാര്‍ഥികള്‍ക്ക്  രാജ്യത്തെ മികച്ച കോളേജുകളിലും സര്‍വകലാശാലകളിലും പ്രവേശനം ലഭിച്ചിരുന്നു. ഈ വര്‍ഷം 64 വിദ്യാര്‍ഥികള്‍ക്ക്  വിവിധ സര്‍വകലാശാലകളിലും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലുമായി ഉപരിപഠനത്തിന് അവസരം കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ ഭാവിപഠനവും ഉന്നതമായലക്ഷ്യവും കാര്യക്ഷമമായ നിലയില്‍ ആസൂത്രണം ചെയ്യുന്നതിനായി  പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍  പ്ലാറ്റ്‌ഫോം ഫോര്‍ ഡെവലപ്പിംഗ് ലീഡേഴ്‌സ് എന്ന വേദി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. പാളയം വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷാനിബാ ബീഗം, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍.ശകുന്തളാ കുമാരി, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ.മാധവന്‍, കെയ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ജൂലൈ 15-ന് സ്‌കൂളികളില്‍ വായിക്കുന്നതിനുള്ള പ്രതിജ്ഞ കെയ്‌സ് ഡയറക്ടര്‍ എസ്.ചന്ദ്രശേഖറിന് നല്‍കി മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. വേള്‍ഡ് സ്‌കില്‍സ് മത്സരത്തില്‍ പങ്കെടുത്തു വിജയിച്ചവരെയും അന്താരാഷ്ട്രാതലത്തില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ അവസരം ലഭിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ വച്ച് മന്ത്രി ആദരിച്ചു.