സേഫ്റ്റി ഓഫീസര്‍ നിയമനം :
നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

സേഫ്റ്റി ഓഫീസര്‍ നിയമനം സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 1948-ലെ ഫാക്ടറീസ് ആക്റ്റ് സെക്ഷന്‍ 40 ബി(1), (2) എന്നിവ പ്രകാരം 1000-മോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്നതോ അല്ലെങ്കില്‍ അപകടകരമായ നിര്‍മാണ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നതോ ആയ ഫാക്ടറികളില്‍ സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിയമം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. സേഫ്റ്റി ഓഫീസര്‍ നിയമനം സംബന്ധിച്ച് 24.01.1991-ലായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇത് കാലഹരണപ്പെട്ട സാഹചര്യത്തില്‍ സേഫ്റ്റി ഓഫീസര്‍മാരുടെ നിയമനം ആവശ്യമുള്ള ഫാക്ടറികളെ ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.(ജിഓ.ആര്‍.ടി നം.337/2019, എല്‍ബിആര്‍, തീയതി 14.03.2019, എസ്ആര്‍ഓ നം.276/2019)
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ സേഫ്റ്റി ഓഫീസര്‍മാരുടെ നിയമനം നടത്തിയിട്ടുണ്ടോയെന്നും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു,
അപകടകരമായ നിര്‍മാണ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫാക്ടറികളിലേയും 1000-മോ അധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്നയിടങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പു വരുത്തുക എന്ന ലക്ഷ്യമാണ് സേഫ്റ്റി ഓഫീസര്‍മാരുടെ നിയമനം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
വ്യാവസായിക സുരക്ഷിതത്വത്തില്‍ ഡിപ്ലോമാ യോഗ്യത അധികമായി നേടിയിട്ടുള്ള എന്‍ജിനീയറിംഗ് / സയന്‍സ് ബിരുദധാരികളെയോ ഫയര്‍ ആന്റ് സേഫ്റ്റി എന്‍ജിനീയറിംഗില്‍ ഡിഗ്രി യോഗ്യതയുള്ളവരെയോ ആണ് ഇതുമായി ബന്ധപ്പെട്ട് സേഫ്റ്റി ഓഫീസര്‍മാരായി സ്ഥാപനങ്ങലില്‍ നിയമിക്കേണ്ടത്. നിയമനം നടന്നിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിനാണെന്നും മന്ത്രി വ്യക്തമാക്കി.