സംസ്ഥാനത്ത് ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിനിരക്കുകള്‍ സര്‍ക്കാര്‍ വിജ്ഞാപിച്ചു. ഇതനുസരിച്ച് പ്രതിദിനം  അടിസ്ഥാന വേതനം (8 മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 763 രൂപയും ക്ലാസ് ബി വിഭാഗത്തിന് 666  രൂപയും ക്ലാസ് സി വിഭാഗത്തിന് 655 രൂപയും ക്ലാസ് ഡി വിഭാഗക്കാര്‍ക്ക് 643 രൂപയും   ക്ലാസ് ഇ വിഭാഗക്കാര്‍ക്ക് 637 രൂപയായുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പീസ് റേറ്റ് വ്യവസ്ഥയിലോ, ടണ്ണേജ് അടിസ്ഥാനത്തിലോ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്ന ഓരോ തുറമുഖത്തിന്റെയും  കാര്യത്തില്‍ 2011 മെയ് 3-ാം തീയതിയിലെ സ.ഇ. (കൈയെഴുത്ത്) 63/2011/തൊഴില്‍ നമ്പര്‍ വിജ്ഞാപന പ്രകാരം ലഭിക്കുവാന്‍ അര്‍ഹതയുള്ള വേതനനിരക്കില്‍ 40% വര്‍ദ്ധനവ് പുതുക്കിയ വിജ്ഞാപനം പ്രാപല്യത്തില്‍ വന്ന തീയതി മുതല്‍ നല്‍കണം. എന്നാല്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക് ഈ         വിജ്ഞാപനം പ്രകാരം നിശ്ചയിച്ച മിനിമം വേതന നിരക്കില്‍ കുറയാത്ത വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പുരുഷ•ാര്‍ക്ക് നല്‍കുന്ന അതേ വേതന നിരക്ക് തന്നെ തുല്യജോലിക്ക്   സ്ത്രീത്തൊഴിലാളികള്‍ക്കും നല്‍കണം.
ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ജീവിത നിലവാര സൂചികയിലെ (1998-99=100) പുതിയ സീരിസിലെ 280 പോയിന്റിനു മുകളില്‍ വര്‍ദ്ധിക്കുന്ന ഓരോ പോയിന്റിനും 1.50 രൂപ ക്ഷാമബത്തയായ് നല്‍കണം. മാസശമ്പളം നല്‍കുന്ന ജീവനക്കാര്‍ക്ക് 8 മണിക്കൂര്‍ ജോലിക്ക്    മുകളില്‍ നിശ്ചയിച്ച പ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയുള്ള തുകയെ 26 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അങ്ങനെയുള്ള തുക മാസശമ്പളമായി നല്‍കണം. ഏതെങ്കിലും വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മുകളില്‍ നിര്‍ദ്ദേശിച്ച മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ വേതനമോ മറ്റേതെങ്കിലും ആനുകൂല്യമോ നിലവില്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് തുടര്‍ന്നും നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ.ഉ. അച്ചടി നമ്പര്‍ 32/2019 തൊഴില്‍, തീയതി 9 ഏപ്രില്‍ 2019 പരിശോധിക്കാം.