സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുമെന്ന്  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. വ്യവസായശാലകളില്‍ നിന്നുള്ള അപകടകരമായ രാസ പദാര്‍ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിഷവാതകങ്ങള്‍ അടക്കമുള്ള   രാസപദാര്‍ഥങ്ങള്‍ വഴിയുള്ള  വ്യാവസായിക അപകട സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി  പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ പദ്ധതി  സഹായിക്കും. ഫാക്ടറികളില്‍ നിന്ന് പുറത്തെത്തുന്ന രാസപദാര്‍ഥങ്ങള്‍ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തും.  ഇതില്‍ നിന്നും തൊഴിലാളികളുടെയും ഫാക്ടറി പരിസരത്തെ ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി.
ഐഎസ്ആര്‍ഒയുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെയും ആണവോര്‍ജ്ജവകുപ്പിന്റെയും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക്ക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ ”റോസേര്‍സ്”- എന്ന പേരിലാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വഴി സര്‍ക്കാര്‍ വ്യാവസായിക ദുരന്തനിവാരണ പദ്ധതി  ഏര്‍പ്പെടുത്തുന്നത്. ഫാക്ടറികളിലെ അപകടസാധ്യത തുടര്‍ച്ചയായി നിരീക്ഷിക്കാനും  അടിയന്തര സുരക്ഷ  ഒരുക്കാനും പദ്ധതി വഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അതീവ അപകടസാധ്യതയുള്ള ഫാക്ടറികള്‍ കൂടുതലായി ഉള്ളത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 40 അതീവ അപകടസാധ്യതാ ഫാക്‌റികളില്‍ 22 എണ്ണവും എറണാകുളം ജില്ലയിലെ അമ്പലമുകള്‍, ഉദോ്യഗമണ്ഡല്‍, പുതുവൈപ്പ്  ഐലന്‍ഡ് മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. രാസവസ്തുക്കള്‍ ചോര്‍ന്നുണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും അതിന്റെ പരിണിതഫലങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും പദ്ധതി എറണാകുളം ജില്ലയിലെ വ്യവസായ മേഖലയോടനുബന്ധിച്ച് ആരംഭിക്കുന്നത് വഴി സാധ്യമാകും. രാസദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പു തന്നെ പ്രശ്‌നബാധിതപ്രദേശങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കി പ്രദേശങ്ങളുടെ നിയന്ത്രണമേറ്റെടുത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരെ പ്രാപ്തരാക്കുകയും ചെയ്യാം.  ഇതിനാലാണ് റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പദ്ധതി കാക്കനാട് പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ പ്രയോജനം സംസ്ഥാനം മുഴുവന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ലഭ്യമാക്കും. അതോടൊപ്പം നൂതന ഉപകരണങ്ങളും സെന്‍സറുകളും സ്ഥാപിച്ച് തത്സമയ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യും. അടിയന്തരഘട്ടങ്ങളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അല്ലാതെയും ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും വിവിധ വകുപ്പുകളുടെയും മാധ്യമങ്ങളുടെയും മറ്റും സഹകരണത്തോടെ വ്യാവസായികദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിയും.
അപകടരഹിതമായ വ്യവസായമേഖല സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ദൗത്യത്തിന് വ്യവസായശാലകളുടെയും                     തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതിനാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ജാഗ്രതയോടെയും ശ്രദ്ധാപൂര്‍വമുള്ള ഇടപെടല്‍ ബന്ധപ്പെട്ട എല്ലാവരിലും നിന്നും ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ഗുണമേന്മാധിഷ്ഠിതമായ സേവനം ലഭിക്കുന്നു എന്നുറപ്പ് വരുത്താന്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ശ്രദ്ധിക്കണം.നാടിന്റെ വികസനവും വ്യവസായവളര്‍ച്ചയും സുരക്ഷിതമായ തൊഴിലിടങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കേരളം നിക്ഷേപ-തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കഴിയുന്ന വ്യവസായാന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. ഈ അന്തരീക്ഷം  ശക്തിപ്പെടുത്തുന്നതിന് എല്ലാവിഭാഗങ്ങളുടെയും സഹകരണം ഉണ്ടാകണം. ഓണ്‍ലൈന്‍ മുഖേന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇ-ഗവേണന്‍സ് പദ്ധതി ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ഫാക്ടറി പരിശോധന സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള  വെബ് അധിഷ്ഠിത പരിശോധനാസംവിധാനവും ഏര്‍പ്പെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പുവരുത്തി നവകേരളസൃഷ്ടിക്ക് കരുത്തുപകരാന്‍ ഏവരുടെയും പിന്തുണ മന്ത്രി അഭ്യര്‍ഥിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ധാരണാപത്രം  ഇന്ദിരാഗാന്ധി അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ എച്ച്എസ്ഇ ഡയറക്ടര്‍  ബി.വെങ്കട്ട് രാമന്‍, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് എം.ബോത്തലെ , ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് എന്നിവര്‍ മന്ത്രിയുടെ സാന്നിദ്ധത്തില്‍ ധാരണാപത്രം ഒപ്പിട്ടു.
റോസേഴ്‌സ് നോഡല്‍ ഓഫീസര്‍ എം.റ്റി.റജി വിഷയാവതരണം നടത്തി. പ്രോഡയര്‍ എയര്‍ പ്രൊഡക്റ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ബുക്കോക്ക്, ബിപിസിഎല്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ.പണിക്കര്‍, ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ കെ.ജയചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.