ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ലഹരിയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പുകയില ഉല്‍പ്പന്നങ്ങളുടെയും  ലഹരിവസ്തുക്കളുടെയും  ഉപയോഗം സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കേണ്ട യുവതലമുറയെ കാര്‍ന്നുതിന്നുകയാണ്. ഇത് നാടിന്റെ വികസനപ്രക്രിയക്ക് മാരകപ്രഹരമേല്‍പിക്കുന്ന ദുരന്തമായി മാറിയിരിക്കുന്നു. പുകയില ഉപയോഗം മൂലം മരിക്കുന്നവരിലും ഗുരുതരമായ രോഗങ്ങള്‍ക്ക് കീഴടങ്ങുന്നവരിലും ഏറിയ പങ്കും യുവാക്കളാണെന്നതും  ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
എന്‍ഡിപിഎസ് ആക്റ്റനുസരിച്ച് ഒരു കിലോയില്‍ താഴെയുള്ള കഞ്ചാവ് കൈവശം വച്ചിരുന്നയാളെ അറസ്റ്റ് ചെയ്താല്‍ പോലും അയാള്‍ക്ക് ജാമ്യം ലഭിക്കുന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. ഇത്തരക്കാര്‍ ജാമ്യം ലഭിച്ചു പോകുന്നത് വിഷമകരമായ അവസ്ഥയാണ്. ആക്റ്റില്‍ ഭേദഗതി വേണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ കേരളം സമ്മര്‍ദ്ദം ചെലുത്തി വരുകയാണ്. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്കെതിരേ കേരളത്തില്‍ ബാധകമായ കടുത്ത ശിക്ഷകള്‍ കിട്ടുന്ന മറ്റ് നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ലഹരി വില്‍പ്പനയ്ക്ക് അറുതി വരുത്താനാകുമോയെന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി കൈവശം വയ്ക്കുക, വില്‍ക്കുക, ഉപയോഗിക്കുക എന്നിവ ചെയ്യുന്നവര്‍ക്കെതിരേ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ല. ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ വിധ പ്രവര്‍ത്തനവും നടത്തും.ബോധവത്ക്കരണ പ്രവര്‍ത്തനങ്ങലിലൂടെ ശരിയായ പാതയിലേക്ക് പോകാന്‍ സര്‍ക്കാര്‍ അവസരം നല്‍കും. എന്നാല്‍ തെറ്റ് ആവര്‍ത്തിക്കുന്നത് അനുവദിച്ച് കൊടുക്കുകയുമില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളും ഹോസ്റ്റലുകളും  കേന്ദ്രീകരിച്ചാണ് ലഹരിവിതരണക്കാര്‍ വലവിരിക്കുന്നത്. കുട്ടികളെ പണം കൊടുത്തും മറ്റും വശീകരിക്കുന്നു. തുടക്കത്തില്‍ ലഹരിപദാര്‍ഥങ്ങള്‍ സൗജന്യമായി നല്‍കി ലഹരിക്ക് അടിമപ്പെടുത്തുന്ന സംഭവങ്ങളും ഏറെയുണ്ട്. വഴിതെറ്റിപ്പോകാതെ വിദ്യാര്‍ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിന് എല്ലാമേഖലകളിലും നിന്നുള്ള ഇടപെടല്‍ ഉണ്ടാവണം. അധ്യാപകരും രക്ഷിതാക്കളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമൊക്കെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള ലഹരി വില്‍ക്കുകയാണെങ്കില്‍ ആ സ്ഥാപനം പിന്നീട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.
പുകയില ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മയക്കുമരുന്നുകളുടെ ലോകത്തേക്ക് യുവതലമുറയെ വഴിതെറ്റിക്കുന്ന അപകടകരമായ സാഹചര്യം സംസ്ഥാനത്ത് നിലവിലുണ്ട്.  സര്‍ക്കാര്‍ അതിശക്തവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കുമ്പോഴും പല മാര്‍ഗങ്ങളിലൂടെ ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയാണ്. ഹാഷിഷ് ഓയിലും ചരസുമുള്‍പ്പെടെ പല മാര്‍ഗ്ഗത്തില്‍ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. എക്‌സൈസ് വകുപ്പിന്റെ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വഴി ഇതു തടയാന്‍ സാധിക്കുന്നുണ്ട്. എറണാകുളത്ത് സ്വകാര്യ പാഴ്‌സല്‍ ഓഫീസില്‍ നിന്ന് 26 കിലോ എംഡിഎംഎ എന്ന മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയായിരുന്നു അത്.  അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇരുനൂറ് കോടിയോളം രൂപയാണ് ഇതിന് വിലകണക്കാക്കുന്നത്. ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം പതിനെട്ടായിരത്തോളം മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് കര്‍ശനമായി തുടരുന്നതിന്റെ തെളിവാണിത്. ലഹരിമാഫിയയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടപടി തുടരുകതന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്നടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതം വളരെ വലുതാണ്. അത് വ്യകതിയെയും കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കും.  എക്‌സൈസും പൊലീസും വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ഒത്തൊരുമിച്ച് ബഹുജനങ്ങളുടെ സഹകരണത്തോടെ ശക്തമായ നടപടികള്‍ ആസൂത്രണം ചെയ്യണം.
എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുമ്പോള്‍ ലഹരിമാഫിയ  വിപണനത്തിന് പുതിയ മാര്‍ഗങ്ങള്‍ ആരായുകയാണ്.  സംസ്ഥാനത്ത് നഗരങ്ങളില്‍ വ്യാപകമായിക്കഴിഞ്ഞ ഓണ്‍ലൈന്‍ ഭക്ഷണവിതരണവും ചിലര്‍ മറയാക്കുന്നതായി എക്‌സൈസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ലഹരിവിതരണത്തിന്  കൂട്ടുനില്‍ക്കുന്നവര്‍ ആരായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പുരുഷന്മാരില്‍ അര്‍ബുദം മൂലമുള്ള മരണനിരക്ക് കുടിവരുന്നതായി റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു.  വര്‍ഷം തോറും അമ്പതിനായിരത്തോളം പുതിയ അര്‍ബുദകേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  ഇതില്‍ അറുപത് ശതമാനവും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കാരണമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കു പുറമെ പാന്‍മസാല പോലുള്ള വസ്തുക്കളുടെ   ഉപയോഗവും വായിലെയും ശ്വാസകോശത്തിലെയും കാന്‍സര്‍ വര്‍ധിക്കുന്നതിന്  വഴിവെക്കുന്നു. അപകടകരമായ ഈ സാഹചര്യം മറികടക്കാന്‍ വിപുലമായ ബോധവതക്‌രണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പ്രചാരണ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്.  കേരളത്തിലും വലിയതോതില്‍ ഉപയോഗം കുറഞ്ഞുവരികയാണ്. പൊതുസ്ഥലങ്ങളിലെ പുകവലിയും  വിദ്യാലയപരിസരങ്ങളിലെ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും നിരോധിച്ചത് ഉപയോഗം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍  നിരോധനം കൊണ്ടുമാത്രം പുകയില ഉപയോഗം  തടയാന്‍ കഴിയില്ല. ഇവ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് സമൂഹത്തില്‍ നല്ല അവബോധം സൃഷ്ടിക്കാന്‍  കഴിയണം. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ആരോഗ്യനിലവാരവും വിദ്യാഭ്യാസവുമുള്ള  സംസ്ഥാനമാണ് കേരളം. കേരളത്തിലെ യുവാക്കളെ പുകയില ഉല്‍പ്പനങ്ങളും ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കു പുറമെ  സമൂഹത്തിന്റെ തുടര്‍ച്ചയായ ഇടപെടലുകളും ഉണ്ടാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വിമുക്തി ഷോര്‍ട്ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷനായിരുന്നു. വിമുക്തി പരസ്യ ചിത്ര പ്രകാശനം മേയര്‍ നിര്‍വഹിച്ചു. വിമുക്തി മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉദ്ഘാടനം ചടങ്ങിന് സ്വാഗതമാശംസിച്ച എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. വിമുക്തി മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുമായ (ഭരണം) ഡി.രാജീവ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.