ലഹരി വര്‍ജ്ജനമിഷന്‍ ജില്ലയില്‍ ആരംഭിക്കുന്ന ലഹരിവിമോചന കേന്ദ്രം ഡിസംബര്‍ 20  രാവിലെ 10 ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എക്സൈസ്-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ബി.ഡി ദേവസ്സി എ.എല്‍.എ അധ്യക്ഷത വഹിക്കും. ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ, താലൂക്ക് സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച്  ലഹരി വിമോചന ചികിത്സാകേന്ദ്രങ്ങള്‍ ഡീ അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. ലഹരിക്ക് അടിമപ്പെട്ട് ശാരീരികമായും മാനസികമായും ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ഡി അഡിക്ഷന്‍ സെന്‍ററുകളുടെ ലക്ഷ്യം. തൃശ്ശൂര്‍ ജില്ലയിലെ ഡി അഡിക്ഷന്‍ സെന്‍റര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ആണ് ആരംഭിക്കുക. ലഹരി വിമോചന ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് വേണ്ടുന്ന കൗണ്‍സലിങ്ങ്, കിടത്തിചികിത്സ എന്നീ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. എം.ബി.ബി.എസ് ഡോക്ടര്‍, കള്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെയില്‍ നഴ്സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍റെ സാമ്പത്തിക സഹായത്തോടെ സംസഥാന ആരോഗ്യവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.