നിയമനിര്‍മ്മാണ ചരിത്രത്തിലെ നാഴികക്കല്ല്:

കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്ന 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.  1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ജീവന ക്കാര്‍ക്കനുകൂലമായ സുപ്രധാനഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.  നിയമനിര്‍മ്മാണചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ബില്ലിനാണ് നിയമസഭ ബുധനാഴ്ച അംഗീകാരം നല്‍കിയത്.

 •      ലക്ഷക്കണക്കിന് സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഇതോടെ  ഇരിപ്പിടം നിയമപരമായ അവകാശമായി മാറി.  ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.
 •         വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയില്‍ മാറ്റം വരുത്തി.  വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീജീവനക്കാരെ   ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു.
 •          മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്‍ണ്ട് രാത്രി ഒമ്പതു മണി  മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം.
 •          രാത്രി ഒമ്പതിനുശേഷം രണ്‍ണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച്പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ
 •            ആഴ്ചയില്‍ ഒരു ദിവസം കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലാ ദിവസവും സ്ഥാപനങ്ങള്‍ തുറക്കാം. ആഴ്ചയില്‍ ഒരുദിവസം ജീവനക്കാര്‍ക്ക്  വേതനത്തോടു കൂടിയ അവധി നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു.
 •          ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യുന്ന സെക്യൂരിറ്റി    ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികളെയും   വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്‍റെ പരിധിയില്‍ കൊണ്ടണ്‍ുവരാന്‍ സര്‍ക്കാരിന് അധികാരം.
 •           നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
 •          നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടണ്‍ു ലക്ഷം രൂപയായി ഉയര്‍ത്തി. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്  2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക.
 •         കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ടണ്‍ രജിസ്റ്ററുകള്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ അനുമതി.
 • ഇരിപ്പിടം അനുവദിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍  തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം. ട്രേഡ് യൂണിയനുകളും ജീവനക്കാരും അവകാശങ്ങള്‍ ഉറപ്പാക്കാനാവശ്യമായ ഇടപെടല്‍ നടത്തണം. നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തൊഴിലുടമകളുടെ ഭാഗത്തുനിന്ന് നിയമഭേദഗതിയുടെ അന്തസ്സത്തക്ക് നിരക്കാത്ത സമീപനങ്ങള്‍ ഉണ്ടായാല്‍ അക്കാര്യം തൊഴില്‍വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണണം.
 •       സ്ത്രീകള്‍ക്ക് അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ജോലിചെയ്യാന്‍ കഴിയുന്ന തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളില്‍  ലിംഗസമത്വം നടപ്പാക്കുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി  സര്‍ക്കാരിന്‍റെ തൊഴില്‍നയത്തില്‍ പ്രഖ്യാപിച്ചിരുന്നു.  വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വഭാവമനുസരിച്ച് സ്ത്രീകള്‍ക്ക് മതിയായ യാത്രാസൗകര്യം, ആഴ്ച അവധി,വിശ്രമഇടവേള തുടങ്ങിയവ  ഉറപ്പാക്കുമെന്നും ഇരിപ്പിടസൗകര്യം നിര്‍ബന്ധമാക്കുമെന്നും തൊഴില്‍നയത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ തൊഴിലാളിക്ഷേമനടപടികളിലെ നാഴികക്കല്ലാണ് ഈ നിയമഭേദഗതി. സ്ത്രീകള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക്  നിയമ ഭേദഗതി തുണയാകും.