ലഹരിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ വേണ്ടി രൂപീകരിച്ച ڇവിമുക്തിچچ മിഷന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണപ്രവര്‍ത്തന ങ്ങള്‍  ശക്തിപ്പെടുത്തും. ഇതിന്‍റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും  പ്രവര്‍ത്തിച്ചുവരുന്ന ലഹരി വിരുദ്ധക്ലബ്ബുകള്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ സ്കൂള്‍ തലത്തില്‍ 2761 ക്ലബ്ബുകളും കോളേജ് തലത്തില്‍ 511 ക്ലബ്ബുകളുമാണ്  പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍-കോളേജ് അധികൃതരുടെ ആവശ്യപ്രകാരം കൂടുതല്‍ വിദ്യാലയങ്ങളില്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികളെ ലഹരിവസ്തുക്കളുടെ പിടിയില്‍പെടാതെ സംരക്ഷിക്കുകയാണ് ലഹരിവിരുദ്ധക്ലബ്ബുകളുടെ ലക്ഷ്യം. എക്സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്സൈസ്  ഓഫീസര്‍ വരെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒന്നോ അതിലധികമോ വിദ്യാലയങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. എക്സൈസ്  കമ്മീഷണര്‍ ഋഷിരാജ്സിങാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ചുമതല വഹിക്കുന്നത്.

ലഹരിവിരുദ്ധക്ലബ്ബുകളുടെ കണ്‍വീനര്‍മാരും സ്കൂള്‍ അധികൃതരുമായും നിരന്തര ബന്ധം പുലര്‍ത്തിയും വിദ്യാലയ പരിസരങ്ങളില്‍  നിരീക്ഷണം ഏര്‍പ്പെടുത്തിയും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയാന്‍ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗമോ താല്‍പര്യമോ ഉള്ളതായി ശ്രദ്ധയില്‍പെട്ടാലുടന്‍ തുടര്‍നടപടിയെടുക്കാന്‍ ലഹരിവിരുദ്ധക്ലബ്ബുകള്‍ സഹായിക്കുന്നു.

വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ കാണുന്ന മയക്കുമരുന്നുകളുടെയും ഇതര ലഹരിപദാര്‍ഥങ്ങളുടെയും ഉപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറുകയാണ്. എന്‍ഫോഴ്സ്മെന്‍റ് ശക്തമാണെങ്കിലും ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുകയാണ്. വിദ്യാര്‍ഥികളെയും യുവാക്കളെ യുമാണ്  ലഹരിമാഫിയ മുഖ്യമായും വലയിലാക്കുന്നത്. പുതിയ തെന്തും അറിയാനുള്ള കൗമാരക്കാരുടെ താല്‍പര്യവും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടികളിലുണ്ടാകുന്ന ദൗര്‍ബല്യങ്ങളും ലഹരിമാഫിയ മുതലെടുക്കുന്നു. പ്രലോഭനങ്ങളില്‍ പെട്ട് വലയില്‍ കുരുങ്ങിയവരാണ് മയക്കുമരുന്നിന് അടിമകളായവരില്‍ ഏറിയ പങ്കും. നാടിന്‍റെ ഭാവിക്കുതന്നെ വെല്ലുവിളി ഉയര്‍ത്തിയാണ് ലഹരിമാഫിയ വലവിരിക്കുന്നത്. ലഹരിയുടെ അനുബന്ധ മെന്നോണം സൈബര്‍ കെണികളും കുടിവരികയാണ്. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ സമൂഹത്തിലെ നല്ലൊരുവിഭാഗം മയക്കുമരുന്നുകള്‍ക്കും മറ്റ് ലഹരിപദാര്‍ഥങ്ങള്‍ക്കും ഇരകളായി മാറിയിട്ടുണ്ട്.

ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കര്‍ശനനടപടികള്‍ തുടരുന്നതോടൊപ്പം ബോധവത്കരണപ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. പുതുതലമുറയെ ലഹരിവലയില്‍പ്പെടാതെ സംരക്ഷിക്കാന്‍ സാമൂഹികമായ ഇടപെടല്‍ ഉണ്ടാകണം. അധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതില്‍ നിര്‍ണായകപങ്കുണ്ട്.

സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപന ങ്ങളും ചുറ്റിപ്പറ്റി മയക്കുമരുന്നുകളും മറ്റ് ലഹരിപദാര്‍ഥങ്ങളും  വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ അതത് പ്രദേശത്തെ ബഹുജനങ്ങള്‍ പിന്തുണ നല്‍കണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക  പ്രവര്‍ത്തകര്‍ക്കും യുവജന-വിദ്യാര്‍ഥി  സംഘടനകള്‍ക്കും തൊഴിലാളികള്‍ക്കും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കുമൊക്കെ ഇതില്‍ നല്ല ഇടപെടല്‍ നടത്താനാവും. ഒരു കുട്ടി പോലും ഇത്തരം സംഘങ്ങളുടെ വലയില്‍ പെടില്ലെന്ന് ഉറപ്പാക്കാനുള്ള ശക്തമായ നിരീക്ഷണം  പൊതുസമൂഹത്തില്‍ നിന്നുണ്ടാകണം.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്കൂളുകളിലെയും കോളേജുകളിലെയും ലഹരിവിരുദ്ധക്ലബ്ബുകള്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, മദ്യവര്‍ജ്ജന സമിതികള്‍, സന്നദ്ധസംഘടനകള്‍, വിദ്യാര്‍ഥി-യുവജന-മഹിളാസംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, മാധ്യമങ്ങള്‍   തുടങ്ങി എല്ലാ മേഖലകളിലുള്ളവരുടെയും സഹകരണത്തോടെ വിമുക്തി മിഷന്‍റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

ശക്തമായ എന്‍ഫോഴ്സ്മെന്‍റ് :
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് ശക്തമാക്കി. കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായത്. മയക്കുമരുന്ന് വേട്ടയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു.
2018 നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍:
അബ്കാരി കേസുകള്‍           –    46,857
മയക്കുമരുന്ന്  കേസുകള്‍      –    14,857
കോട്പ കേസുകള്‍               –    1,74,823

മുന്‍സര്‍ക്കാരിന്‍റെ കാലത്തേക്കാള്‍ പതിന്മടങ്ങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
യുഡിഎഫ് ഗവണ്‍മെന്‍റിന്‍റെ അഞ്ചു വര്‍ഷകാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 5012 മയക്കുമരുന്ന് കേസുകള്‍ മാത്രമാണ്.

പ്രധാന കേസുകള്‍:

ഇന്ത്യയില്‍ ഏറ്റവും കൂടിയ അളവില്‍ എംഡിഎംഎ(മെത്തലിന്‍ ഡയോക്സി മെതഫിറ്റമിന്‍) എന്ന മയക്കുമരുന്ന് 29-9-2018ന് എറണാകുളത്ത് പിടിച്ചെടുത്തു. അന്താരാഷ്ട്രവിപണിയില്‍ 200 കോടി രൂപ വിലവരുന്ന 26 കിലോ എംഡിഎംഎ ആണ് കൊറിയര്‍ വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എറണാകുളത്ത് പിടികൂടിയത്.

മറ്റു പ്രധാന മയക്കുമരുന്ന് വേട്ടകള്‍:

17-2-2018ന് എറണാകുളം ജില്ലയില്‍ നിന്ന് 30 കോടി രൂപ വിലവരുന്ന 5 കിലോ ഗ്രാം എംഡിഎംഎ.
19-3-2018 പാലക്കാട്ടുനിന്ന് 36 കോടി രൂപ വിലവരുന്ന 36.562 കിലോ ഗ്രാം ഹാഷിഷ് ഓയില്‍.
25-5-2018ന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് 10 കോടി രൂപ വിലവരുന്ന 10.202 കിലോ ഹാഷിഷ് ഓയില്‍.
8-6-2018ന് പാലക്കാട് ജില്ലയില്‍ നിന്ന് 1064 കഞ്ചാവ് ചെടികള്‍.
1-9-2018ന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് 6 കോടി രൂപയുടെ 6.360 കിലോ ഹാഷിഷ് ഓയില്‍.
17-9-2018ന് തൃശൂര്‍ ജില്ലയില്‍ നിന്ന് നാല് കോടി രൂപ വിലവരുന്ന 4.060 കിലോ ഹാഷിഷ് ഓയില്‍.
ഈ കാലയളവില്‍ പിടിച്ചെടുത്ത മദ്യവും മയക്കുമരുന്നും:
സ്പിരിറ്റ്           –     12,409 ലിറ്റര്‍
ചാരായം          –     1,00,98 ലിറ്റര്‍
വിദേശമദ്യം        –     75,162 ലിറ്റര്‍
അരിഷ്ടം           –     43,930 ലിറ്റര്‍
ഹാഷിഷ് ഓയില്‍    –     75.78 കിലോഗ്രാം
എംഡിഎംഎ        –    31.2 കിലോ
ഓപ്പിയം           –       4.89 കിലോ
ഹെറോയിന്‍        –      542 ഗ്രാം
കഞ്ചാവ്             –     3546 കിലോഗ്രാം
കഞ്ചാവ് ചെടികള്‍    –     4680

മദ്യനിരോധനം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ  നയമല്ല. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതും സര്‍ക്കാര്‍ നയമല്ല.ലഹരിവര്‍ജ്ജനത്തിലൂടെ  ലഹരിമുക്തകേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി വിപുലമായ ബോധവത്കരണപ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. മയക്കുമരുന്നിനും മറ്റ് ലഹരിപദാര്‍ഥങ്ങള്‍ക്കും അടിമകളായവരെ അകറ്റിനിര്‍ത്തുകയല്ല, കരുതലും പരിചരണവും നല്‍കി  ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് വേണ്ടത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്‍ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡീ അഡിക്ഷന്‍ സെന്‍ററുകള്‍:

സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി രൂപം നല്‍കിയ  14  ഡീ അഡിക്ഷന്‍ സെന്‍ററുകളില്‍ ആദ്യത്തേത് കൊല്ലം നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍, റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി(പത്തനംതിട്ട), ചെങ്ങന്നൂര്‍ ജില്ലാ   ആശുപത്രി (ആലപ്പുഴ), പാല ജനറല്‍ ഹോസ്പിറ്റല്‍ (കോട്ടയം), പൈനാവ് ജില്ലാ ആശുപത്രി (ഇടുക്കി), മൂവാറ്റുപുഴ താലൂക്ക് ആശുപത്രി (എറണാകുളം), ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി (തൃശൂര്‍), കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (പാലക്കാട്), നിലമ്പൂര്‍ ജില്ലാ ആശുപത്രി  (മലപ്പുറം), ബീച്ച്  ആശുപത്രി (കോഴിക്കോട്), കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ (വയനാട്), പയ്യന്നൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി (കണ്ണൂര്‍), നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി(കാസര്‍കോട്) എന്നിവിടങ്ങളിലാണ് മറ്റു ജില്ലകളിലെ ഡീ അഡിക്ഷന്‍ സെന്‍ററുകള്‍.

ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ ആരംഭിച്ച ഡീ അഡിക്ഷന്‍ സെന്‍ററുകളില്‍ ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക്  കൊണ്ടുവരാനുള്ള എല്ലാ                 സംവിധാനങ്ങളുമുണ്ട്.   കിടത്തി ചികിത്സ, കൗണ്‍സലിങ് തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.

ഓരോ ഡീ അഡിക്ഷന്‍ സെന്‍ററിലും ഒരു മെഡിക്കല്‍  ഓഫീസര്‍,  മൂന്ന് സ്റ്റാഫ് നഴ്സുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവര്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്‍ററുകളില്‍ ഉണ്ടാകും. 14 സെന്‍ററുകള്‍ക്കായി 84 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീ അഡിക്ഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മേഖലാ കൗണ്‍സലിങ് സെന്‍റര്‍ :

ലഹരിക്കിരയായവര്‍ക്ക് കൗണ്‍സലിങ് നല്‍കാനായി  തിരുവനന്തപുരത്തും എറണാകുളത്തും  കോഴിക്കോട്ടും മേഖലാ കൗണ്‍സലിങ് സെന്‍ററുകള്‍  തുറന്നിട്ടുണ്ട്.  രാവിലെ എട്ടുമുതല്‍ രാത്രി എട്ടുമണിവരെ നേരിട്ടും  ഫോണ്‍  മുഖേനയും കൗണ്‍സലിങ് നല്‍കും. ടോള്‍ഫ്രീ നമ്പര്‍ : 14405

മയക്കുമരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെയും പിടിയിലകപ്പെട്ടവരെ ചികിത്സിച്ച്  ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരികയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.  ലഹരിപദാര്‍ഥങ്ങള്‍ക്കടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് വിപുലമായ സൗകര്യങ്ങളോടെ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചത്.