കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലോകത്തിന് തന്നെ മാതൃക സൃഷ്ടിച്ചിരിക്കുന്നതായി  മന്ത്രി ടി.പി രാമകൃഷ്ണന്‍. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ജനങ്ങള്‍ കൈകോര്‍ത്തിരിക്കുന്ന വേളയിലാണ് ഗാന്ധിജയന്തി വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. നായനാര്‍ ബാലികാ സദനത്തില്‍ നടന്ന ഗാന്ധി ജയന്തി വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ പ്രാദേശിക ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കും. പ്രളയ സമയത്ത് സംസ്ഥാനത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ദൗത്യത്തിന് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഗാന്ധിജിയുടെ 150-ാം ജ• വാര്‍ഷിക ദിനത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം പേരടങ്ങുന്ന കര്‍മ്മസേനയാണ് ലക്ഷ്യമിടുന്നത്.  പുതിയ കാലഘട്ടത്തിലെ സംഭവ വികാസങ്ങളുമായി ചേര്‍ത്ത് മഹാത്മാ ഗാന്ധിയുടെ ജീവിതവും ആശയങ്ങളും ഓരോരുത്തരും വിലയിരുത്തേണ്ടതുണ്ട് എഴുത്തും ഭക്ഷണവും വസ്ത്രവും ഭാഷയും മാത്രമല്ല പേരുകള്‍ പോലും ആക്രമിക്കാന്‍ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ഗാന്ധിജിയുടെ ഇന്ത്യ നിലകൊള്ളുന്നത്. മതവിഭാഗങ്ങളുടെ സഹവര്‍ത്തിത്വമാണ് ഗാന്ധിജി ആഗ്രഹിച്ചത്.

പരസ്പര ബഹുമാനവും സഹിഷ്ണുതയും വളര്‍ത്താനും വര്‍ഗീയതക്കെതിരെ പോരാടാനും ഗാന്ധി ജയന്തി വേള ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാഭരണകൂടം, ഗാന്ധി ജയന്തി വാരാഘോഷ സംഘാടക സമിതി, ഐ ആന്റ് പിആര്‍ഡി, വി.ആര്‍ നായനാര്‍ ബാലികാസദനത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന  യു.എല്‍.സി.സി എന്നിവരെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ഗാന്ധിജിയുടെ 150-ാം ജ•വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗാന്ധിയനും സാമൂഹ്യ നേതാവുമായ പുതിയപറമ്പില്‍ വാസുവിനേയും ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തകയും  മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം നേടുകയും ചെയ്ത ഡോ.പി.എ ലളിതയേയും  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍  ആദരിച്ചു. ഗാന്ധിയന്‍ ആശയങ്ങളെ ഇത്രമേല്‍ ജീവിതത്തില്‍ ആവാഹിച്ച ഒരു വ്യക്തിയെ ആദരിക്കാന്‍ ലഭിച്ച അവസരം സ്വകാര്യ അഭിമാനമായി കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു.