ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം-പ്രകൃതി സംരക്ഷണം എന്ന ആശയം മുന്‍ നിര്‍ത്തി സംഘടിപ്പിച്ച ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലികാ സദനത്തില്‍ മന്ത്രി മാവിന്‍ തൈ നട്ടു.  മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധിജയന്തിദിന സന്ദേശത്തോടെയാണ് ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കാമായത്. വേദിയിലൊരുക്കിയ സ്‌ക്രീനില്‍ സന്ദേശം പ്രദര്‍ശിപ്പിച്ച ശേഷം വിശിഷ്ടാതിഥികള്‍ ഗാന്ധിജിയുടെ ഛായാചിത്രത്തിലും ചിതാഭസ്മ പേടകത്തിലും പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പുതിയപറമ്പില്‍ വാസു(വാസുവേട്ടന്‍), സ്വകാര്യ മേഖലയില്‍ മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഡോ പി.എ ലളിത എന്നിവരെ ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.  യു.എല്‍.കെയര്‍ നായനാര്‍ ബാലിക സദനത്തിലേക്ക് പുതിയ ടോയ്‌ലറ്റ് നിര്‍മിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്ത തുകയുടെ ആദ്യ ഗഡുവായി അമ്പതിനായിരം രൂപ റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് പി ആഷിഖ് സദനം പ്രിന്‍സിപ്പല്‍ പി. തങ്കമണിക്ക് കൈമാറി. തുടര്‍ന്ന് പ്രളയാനന്തരം പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ സാസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാകലക്ടര്‍ യു.വി ജോസ് സ്വഗതവും ഐ ആന്റ് പി.ആര്‍ഡി ഡെ.ഡയറക്ടര്‍ ഇ.വി സുഗതന്‍ നന്ദിയും പറഞ്ഞു. എ പ്രദീപ് കുമാര്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി ശോഭിത,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,യു.എല്‍.സിസി ചെയര്‍മാന്‍ പലേരി രമേശന്‍, നായനാര്‍ ബാലികാ സദനം പ്രസിഡന്റ് ഡോ.വിവി മോഹനചന്ദ്രന്‍, മുന്‍ മേയര്‍ അഡ്വ. സി.ജെ റോബിന്‍, യു.എല്‍.കെയര്‍ ഡയറക്ടര്‍ എം.കെ ജയരാജ്, യു.എല്‍.സി.സി പി.ആര്‍.ഒ അഭിലാഷ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നായനാര്‍ ബാലികാ സദനം വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

അത്യപൂര്‍വ്വമായ സമരങ്ങളുടെ പ്രയോക്താവായിരുന്നു മഹാത്മാഗാന്ധിയെന്നും ലോകം വീണ്ടും മഹാത്മാഗാന്ധിയിലേക്ക് തിരിച്ചു പോവുന്നത് അതു കൊണ്ടാണെന്നും ഗാന്ധിയന്‍ പുതിയപറമ്പില്‍ വാസു(വാസുവേട്ടന്‍) പറഞ്ഞു. ഗാന്ധിജയന്തി ആഘോഷത്തില്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഗാന്ധിയന്‍ ആശയങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഗാന്ധി പ്രതിമകള്‍ തകര്‍ക്കപ്പെട്ട് ഗോഡ്‌സെയെ വാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മതസഹിഷ്ണുത തകരുമ്പോള്‍ രാജ്യം അപകടത്തിലാകും. ഗോഡ്‌സെയുടെതല്ല ഗാന്ധിജിയുടെ സ്മരണകളാണ്  നമുക്ക് ആവേശം പകരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ   സമരകാലത്ത് നേതാക്കള്‍  ഏറ്റുവാങ്ങിയ പീഡകളും ത്യാഗങ്ങളും വിസ്മരിക്കാന്‍ അനുവദിക്കരുതെന്നും സമരാവേശം വീണ്ടെടുക്കാന്‍ നമുക്ക് കഴിയണമെന്നുമുള്ള ആഹ്വാനം നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഡോ പി എ ലളിതയും സംസാരിച്ചു.