സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒക്ടോബറില്‍  ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് സെന്റുകള്‍ തുടങ്ങുക. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗം മൂലമുണ്ടാകുന്ന രോഗാവസ്ഥകളില്‍ നിന്ന് ആളുകളെ ചികിത്സിച്ച് ഭേദമാക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് സെന്ററുകളുടെ പ്രവര്‍ത്തനം. ഒരോ ജില്ലകളിലും ഡി അഡിക്ഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ തിരഞ്ഞെടുത്തു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് പി ആര്‍ ചേമ്പറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വന്‍ ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ക്കാണ് എക്സൈസ് വകുപ്പ് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും  ലഹരി വിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങികഴിഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് വിമുക്തി എന്ന പ്രത്യേക പദ്ധതിയിലൂടെ പൂര്‍ണ്ണതോതിലുള്ള മദ്യവര്‍ജ്ജന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.ഇത് കൂടുതല്‍ ശക്തിപ്പെടുത്തും.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉല്‍പാദനവും വിപണനവും കടത്തുമായി ബന്ധപ്പെട്ട് കടുത്ത നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെയും കോളേജുകളുടെ സമീപത്ത് ലഹരിവസ്തുക്കള്‍ കച്ചവടം ചെയ്താല്‍ ആ സ്ഥാപനം പിന്നീട് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടയില്‍ 43669 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12932 എന്‍ ടി പി എസ് കേസുകളും പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 157222 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയതു. ഇതുവരെ 11087.15 ലിറ്റര്‍ സ്പിരിറ്റും ആയിരം ടണ്‍ പുകയില ഉല്‍പന്നങ്ങളും  3743 വാഹനങ്ങളും പിടിച്ചെടുത്തു. കോട്പാ കേസുകളില്‍ പിഴയിനത്തില്‍  2.05 കോടി രൂപയോളം ഈടാക്കി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. വകുപ്പിനെ മുഴുവന്‍ അണിനിരത്തികൊണ്ട് ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.പത്രസമ്മേളനത്തില്‍ അഡീ.ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എന്നിവരും സംബന്ധിച്ചു.