ഒഡെപെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. ഒഡെപെക്കിന്റെ പുതിയ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഒഡെപെക്ക് പ്രവര്‍ത്തനം ശക്തമാക്കിയതോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പും ഇടനിലക്കാരുടെ വെട്ടിപ്പും അവസാനിച്ചിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സാധിക്കണം. അപേക്ഷാഫോമുകള്‍ പൂരിപ്പിക്കുന്ന പരമ്പരാഗത രീതിക്കു പകരം ബയോഡേറ്റ അപ്‌ലോഡ് ചെയ്തു രജിസ്‌ട്രേഷന്‍ നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് സാങ്കേതിക വിദ്യയിലൂടെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അധികവിവരങ്ങള്‍ നല്‍കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താനും പുതുതായി ആരംഭിച്ച  വെബ്‌പോര്‍ട്ടലിലൂടെ സാധിക്കും.  വിദേശ രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ ഒഡെപെക്കിനെയാണ് റിക്രൂട്ട്‌മെന്റിന് ആശ്രയിക്കുന്നത്. ആരോഗ്യ മേഖലയിലാണ് ഇതുവരെ കൂടുതല്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് മേഖലകളിലേക്കും റിക്രൂട്ട്‌മെന്റ് നടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ തുക വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ ഒഡെപെക് നിയമാനുസൃത പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായിരുന്നു ഒഡെപെക് മുന്‍കാലങ്ങളില്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.  എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഉന്നതതലസംഘം യു.എ.ഇ സന്ദര്‍ശിക്കുകയും വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെ ദുബായ്, അബുദാബി, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കും സാധ്യത ഏറിയിട്ടുണ്ട്.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഈ വര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. യു.കെ, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്കു 250 ഓളം നഴ്‌സുമാരെ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുത്തിട്ടുണ്ട്. ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.  ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സൗകര്യവും ഒഡെപെകില്‍ ഒരുക്കിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, മറ്റു മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികള്‍ എന്നിവരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ കുവൈറ്റ്, ഖത്തര്‍ മന്ത്രിമാര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. തുടര്‍ ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പു വയ്ക്കുന്നതിനും തീരുമാനമായി. ഇടനിലക്കാരുടെ ചതിയില്‍പ്പെട്ട് കുവൈറ്റില്‍ കുടുങ്ങി ജോലിയും ശമ്പളവും ഇല്ലാതെ വിഷമിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും എംബസി മുഖേന തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ആരോഗ്യ വകുപ്പ് മേധാവി മുസ്തഫ അല്‍ റിദ ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.
റിക്രൂട്ട്‌മെന്റ് വിഭാഗം കൂടാതെ അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവല്‍ ഡിവിഷനും ഒഡെപെകിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1990 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഡിവിഷന്‍ വഴി രാജ്യത്തിനകത്തും പുറത്തുമുള്ള വിമാന യാത്രയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍, ഒഡെപെക് വഴി വിദേശ ഉദേ്യാഗം ലഭിച്ചവര്‍ തുടങ്ങിയവരെല്ലാം ഈ ട്രാവല്‍ ഡിവിഷന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍  സൗകര്യം ഉപയോഗപ്പെടുത്തി യാത്രാ പാക്കേജിന് ഒഡെപെക്ക് വഴി ലഭ്യമായ സൗകര്യം പ്രയോജനപ്പെടുത്താം. ആദ്യഘട്ടത്തില്‍ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു.
ഒഡെപെക് എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ ആമുഖ പ്രഭാഷണം നടത്തി. ഒഡെപെക്കും തോമസ് കുക്ക് ഇന്ത്യാ ലിമിറ്റഡും ചേര്‍ന്ന് നടത്തുന്ന ടൂര്‍ പാക്കേജിന്റെ കരാര്‍ ഒഡെപെക് എം.ഡി ടി.സി.ഐ.എല്‍ വൈസ് പ്രസിഡന്റ് സന്തോഷ് കാനയ്ക്ക് കൈമാറി. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആഷാ തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് ബിജയ് ശെല്‍വരാജ് ആശംസ നേര്‍ന്നു. ഒഡെപെക് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍ സ്വാഗതവും ഒഡെപെക് ജനറല്‍ മാനേജര്‍ സജു എസ്.എസ് നന്ദിയും പറഞ്ഞു.