നൈപുണ്യമേഖലയിലെ കേരളത്തിന്റെ ഭാവി ശോഭനമാണെന്നു വിളിച്ചോതുന്നതായിരുന്നു കൊച്ചിയിൽ നടന്ന തൊഴിൽനൈപുണ്യ മേളയായ ഇന്ത്യ സ്‌കിൽസ് 2018. സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴില്‍ശക്തിയും നൈപുണ്യമികവും തിളങ്ങി നിന്ന  ഇന്ത്യാ സ്‌കില്‍സ് കേരള 2018-ന്റെ കുറ്റമറ്റ രീതിയിലുള്ള സംഘാടനവും ശ്രദ്ധേയമായി.  ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വ്യാപനവും തൊഴില്‍മേഖലയിലും വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് വഴിയൊരുന്ന ഈ കാലഘട്ടത്തിൽ പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം തൊഴില്‍മേഖലകളില്‍ യുവജനങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യം കൈവരിക്കുന്നതിന്റെയും,  നൂതനാശയങ്ങളോട് ഇഴയടുപ്പമുണ്ടാക്കേണ്ടതിന്റെയും അനിവാര്യതയും അടിവരയിട്ടു കാണിക്കാൻ മേളയ്ക്കായി. നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കൂടുതല്‍ സംഭാവന ചെയ്യുന്ന  നാടാണ് കേരളം. യുവജനങ്ങളില്‍ നൈപുണീകരണത്തിനൊപ്പം അതിന്റെ പുരോഗതി പരിശോധിക്കേണ്ട ഉത്തരവാദിത്തവും  സർക്കാരിനുണ്ട്. നൂതനമായ തൊഴില്‍ നൈപുണ്യ വികസനത്തോടുള്ള യുവാക്കളുടെയും രക്ഷാകര്‍ത്താക്കളുടെയും പൊതുസമൂഹത്തിന്റെയും മനോഭാവത്തില്‍ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യസ്‌കിൽസ് കേരള 2018 മികച്ച രീതിയിൽ സർക്കാർ സംഘടിപ്പിച്ചത്.

റഷ്യയിലെ കസാന്‍ നഗരത്തില്‍ 2019-ല്‍ നടക്കുന്ന ലോക നൈപുണ്യമത്സരത്തിന്റെ മാതൃകയിലും അതേ മാനദണ്ഡ പ്രകാരവുമാണ് ‘ഇന്ത്യ സ്‌കില്‍സ് കേരള 2018’ സംഘടിപ്പിച്ചത്.  കൊച്ചി മറൈൻ ഡ്രൈവിൽ ലോക നൈപുണ്യമത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 20 മേഖലകളിലെ നൈപുണ്യശേഷിയളന്ന ഫിനാലെ മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തില്‍ 7422 പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് വിജയികളായ 112 പേരാണ് ഏപ്രിൽ ദിവസങ്ങളിൽ നടന്ന ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപ സമ്മാനത്തുകയായി നൽകി. വിജയികൾ ജൂലൈയിൽ നടക്കുന്ന ദേശീയതല മത്സരങ്ങളിലും, ദേശീയ തലത്തിലെ വിജയികൾ 2019-ല്‍ കസാൻ നഗരത്തിൽ നടക്കുന്ന ലോക നൈപുണ്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. അക്ഷരാർത്ഥത്തിൽ നൈപുണ്യമേഖലയിലെ കേരളത്തിന്റെ ശോഭനമായ ഭാവി വാഗ്ദാനങ്ങളെ സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും മേളയ്ക്കായി.