ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള ഓളത്തിനും, താളത്തിനും സാക്ഷ്യം വഹിച്ചു പേരാമ്പ്ര. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് 2018 യിരുന്നു ഒരു നാടിനെയാകെ വികസനപാതയിലേക്ക് വിളക്കിച്ചേർത്തു അഭിമാനകരമായ കൂട്ടായ്മ സംഘടിപ്പിച്ചു കേരളത്തിന് മാതൃകയായത്. സുസ്ഥിരവികസനം, സാമൂഹികസുരക്ഷാ,ആരോഗ്യസംരക്ഷണം, കാർഷികമേഖലയുടെ പുനരുജ്ജീവനം, ആവാസവ്യവസ്ഥയുടെ സംരക്ഷണം തുടങ്ങിയ വിവിധമേഖലകളിൽ ബദൽവികസന കാഴ്ചപ്പാടുകളുമായി അഭൂതപൂർവമായ മുന്നേറ്റമാണ് വികസനമിഷന്റെ കീഴിൽ പേരാമ്പ്ര കൈവരിക്കുന്നത്. ഈ പ്രക്രിയയിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പേരാമ്പ്ര ഫെസ്റ്റ് 2018 സംഘടിപ്പിച്ചത്.  2018 ഏപ്രിൽ അഞ്ചു മുതൽ പന്ത്രണ്ട് വരെ നീണ്ടു നിന്ന ഫെസ്റ്റിൽ  സംഘടിപ്പിച്ച ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ, വ്യാവസായിക വിപണന മേളയും. വിജ്ഞാനത്തിന്റെയും, വിനോദത്തിന്റെയും പുതുമയാർന്ന നീരൊഴുക്കും പുതിയൊരനുഭവമാണ് നാടിനേകിയതു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിൽ,വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷഉപനേതാവ് എം.കെ മുനീർ, മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ്, എന്നിങ്ങനെ സമൂഹത്തിന്റെ വിവിധമേഖലകളിൽ നിന്നുള്ള പ്രമുഖർ ഫെസ്റ്റിൽ പങ്കാളികളായി. സുസ്ഥിരവികസനം കൈവരിക്കുന്നതിന് കൂട്ടായ്‌മയുടെ സന്ദേശം പകരുന്ന പേരാമ്പ്ര ഫെസ്റ്റിന്റെ ഊർജ്ജം വരും നാളുകളിലും  മുന്നോട്ടുപോക്കിനായി നമുക്ക് ചേർത്തുവെക്കാം.