തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള (അതിഥി തൊഴിലാളികള്‍)  എറണാകുളം ജില്ലയിലെ സഹായ കേന്ദ്രം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വഹിച്ച ശ്രദ്ധേയമായ പങ്കാണ് ഇന്ന് സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ലഭിക്കുന്നതിന് കാരണമായിട്ടുള്ളത്. ഇതും ക്ഷേമ പെന്‍ഷനുകളുടെ പരിരക്ഷയും ഉയര്‍ന്ന കൂലി ലഭിക്കുന്നതുമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നതിന് കാരണം. കേരളത്തിലേക്ക് തൊഴിലിനായി കടന്നുവരുന്നവരെ സഹായിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. ഇന്ത്യയിലാദ്യമായി കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി സഹായ കേന്ദ്രങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയും കേരള സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ അത് രാജ്യത്തിനാകെ തന്നെ മാതൃകയായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനത്തു നിന്നും എത്തിയിട്ടുള്ളവരെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കുക വഴി കേരളത്തിന്റെ മഹത്തായ സാമൂഹ്യ-സാംസ്‌ക്കാരിക പാരമ്പര്യം നാം ഉയര്‍ത്തിപ്പിടിക്കുകയാണ്. ആവാസ് പദ്ധതിയില്‍ ഇതിനോടകം രണ്ടു ലക്ഷത്തി മുപ്പതിനായിരത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സംസ്ഥാനത്തുള്ള മുഴുവന്‍ അതിഥി തൊഴിലാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനുള്ള നടപിടകള്‍ തൊഴില്‍ വകുപ്പ് ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടു പോവുകയാണ്.
വിപുലമായ തൊഴില്‍ സാധ്യതകള്‍ അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കുന്നതോടൊപ്പം അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരിഗണനയും പരിരക്ഷയും ഈയിടെ കേരളം സന്ദര്‍ശിച്ച ഇതര സംസ്ഥാന മാധ്യമ പ്രവര്‍ത്തകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഉയര്‍ന്ന കൂലിയും പ്രധാന ഘടകമായി അവര്‍ കണ്ടു. കേരളത്തിന്റെ മഹത്തായ മാതൃകകളായാണ് ഇതര സംസ്ഥാന മാധ്യമ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള വിവിധ പദ്ധതികളെ വിശേഷിപ്പിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതിഥി തൊഴിലാളികള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകള്‍  ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവിടങ്ങളിലെല്ലാം ഭാഷാ പരിജ്ഞാനമുള്ളവരെ സേവനത്തിനായി നിയോഗിക്കും.ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരത്ത് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ സഹായ കേന്ദ്രം തുറന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യം, ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവന ദാതാക്കളുടെ സഹായ സംവിധാനം തുടങ്ങിയ സേവനങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ആവാസ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട് കാര്‍ഡ് വിതരണവും ഇവിടെ സജ്ജമാണ്. അതിഥിത്തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലഭ്യമാവും. എല്ലാ ഭാഷയിലും ആശയ വിനിമയം നടത്താന്‍ പ്രാപ്തരായ ഉദ്യോഗസ്ഥരുടെ സേവനം തിരുവനന്തപുരത്തെ സഹായ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ജോലിചെയ്യാന്‍ എത്തുന്ന അതിഥിത്തൊഴിലാളികള്‍ക്ക് കേരളത്തിലെ തൊഴിലാളികള്‍ക്ക് ബാധകമായ എല്ലാ നിയമ പരിരക്ഷയും ഉറപ്പാക്കും. സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നതിനായി  തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ എണ്ണം, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കും. അതിഥി തൊഴിലാളികള്‍ക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലാദ്യമായി കേരള സര്‍ക്കാര്‍ ആവാസ് പദ്ധതി ആരംഭിച്ചത്. എല്ലാ അതിഥിത്തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ശ്രമം. ആവാസ് കാര്‍ഡിലെ മൈക്രോചിപ്പില്‍ തൊഴിലാളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. പദ്ധതിയില്‍ അംഗമാവുന്ന തൊഴിലാളിക്ക് 15000 രൂപ വരെ ചികിത്സാ സഹായം ലഭിക്കും. തൊഴിലാളി മരണപ്പെട്ടാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് .
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള താമസ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോടെന്ന സ്ഥലത്ത് അപ്‌നാ ഘര്‍ എന്ന പേരിലുള്ള ഈ പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എറണാകുളത്ത് കളമശേരിയില്‍ പ്രോജക്റ്റ് നടപ്പാക്കുന്നുണ്ട്.പെരുമ്പാവൂരില്‍ സ്ഥലം ലഭ്യമായാല്‍ ജില്ലയില്‍ രണ്ടാമത്തെ അപ്‌നാഘര്‍ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്നും മന്ത്രി വ്യക്തമാക്കി.
ലഹരിക്കെതിരേ ഒന്നിച്ചു പോരാടേണ്ട സമയം ആസന്നമായിരിക്കുകയാണ്. ലഹരിക്കൊപ്പം കടന്നു വരുന്ന അരക്ഷിതാവസ്ഥയ്ക്ക് തടയിടണമെങ്കില്‍ അത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ ലഹരി വര്‍ജ്ജനം നടപ്പാക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെയ്യാത്ത ജോലിക്ക് പ്രതിഫലം ആവശ്യപ്പെടുന്ന പ്രവണത മെയ് ഒന്നു മുതല്‍ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. മുഴുവന്‍ തൊഴിലാളി യൂണിയനുകളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ പ്ലൈവറ്റ് സ്റ്റാന്‍ഡിനടുത്തുള്ള മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാം നിലയിലാണ് എറണാകുളം ജില്ലയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായിരുന്നു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍,  ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ.എന്‍.സി.മോഹനന്‍, എം.എം.മുജീബ് റഹ്മാന്‍, പി.എ.എം.ഇബ്രാഹിം, ബി.ചന്ദ്രമോഹനന്‍, ജി.ജയപാല്‍ ,കെ.ഇ.നൗഷാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റീജണല്‍ ജോയില്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍ സ്വാഗതവും എറണാകുളം ഡപ്യുട്ടി ലേബര്‍ കമ്മീഷണര്‍ ഡി.സുരേഷ്‌കുമാര്‍  നന്ദിയും അര്‍പ്പിച്ചു.