സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന്  സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിതവുമായി  ബന്ധപ്പെട്ടു കിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനവും ഉറപ്പുരുത്താന്‍ സ്വകാര്യ ആശുപത്രിമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണം. സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളോടും തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനത്തില്‍   39 മുതല്‍ 102 ശതമാനം വരെ വര്‍ധനവ് ലഭിക്കും . ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും വേതനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 20000 രൂപയായി നിജപ്പെടുത്തുമെന്ന് നല്‍കിയിരുന്ന വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചിരിക്കുകയാണ്.

2013 നവംബര്‍ അഞ്ചിലെ വിജ്ഞാപനപ്രകാരമുള്ള വേതനത്തില്‍ നിന്നും വലിയ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് ലഭിക്കുന്നതില്‍  ഏറ്റവും മികച്ച വേതനമാണ് സംസ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്നത്്.

കിടക്കകളുടെ അടിസ്ഥാനത്തില്‍ രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ അധിക അലവന്‍സും ഡിഎ, വാര്‍ഷിക ഇന്‍ക്രിമെന്റ്, സര്‍വീസ് വെയിറ്റേജ്, എന്നിവയും നഴ്‌സുമാര്‍ക്ക് ലഭിക്കും. ഉപഭോക്തൃവിലസൂചികയുടെ 321 പോയിന്റിനു മുകളില്‍ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ ഡിഎ ലഭിക്കും. ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കിലും ഇരട്ടിയിലധികം വര്‍ധനവ് വരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടകിസ്ഥാനത്തില്‍ അഞ്ചു മുതല്‍ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവന്‍സുകള്‍ പത്തുമുതല്‍ അമ്പത് ശതമാനം വരെയായി ഉയര്‍ത്തിയിട്ടുണ്ട്. വേതനപരിഷ്‌കരണത്തിന് 2017 ഒക്‌ടോബര്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതും നടപ്പിലാക്കിയിട്ടുണ്ട്.  സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള വേതനപരിഷ്‌കരണം ആര്‍ജ്ജവത്തോടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 8975-ല്‍നിന്നാണ് ഇരുപതിനായിരം രൂപയായി ഉയരുന്നത്്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി വേതനം മുപ്പതിനായിരം രൂപ വരെയാകും. മറ്റു ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവന്‍സുകളും ലഭിക്കും.

മറ്റു വിഭാഗങ്ങളിലെ അടിസ്ഥാന ശമ്പളം. നിലവിലുള്ളതും പുതുക്കിയതും എന്നീ ക്രമത്തില്‍. ഹെല്‍പര്‍: 7775 – 16000. ഇലക്ട്രീഷ്യന്‍ ഉള്‍പ്പെടെയുള്ളവര്‍: 8100-17230. ജിഎം, എഡി, സെക്രട്ടറി:10000-23220. എഎന്‍എം ഗ്രേഡ്2  : 8125-17680. എഎന്‍എം ഗ്രേഡ് 1: 8300-18570. നഴ്‌സസ് മാനേജര്‍(എംഎസ്‌സി): 9700-22680.   വാര്‍ഡ് ബോയ്, നഴ്‌സിങ് അസി., തെറാപ്പിസ്റ്റ് അസി. : 7825-16400. ഫാര്‍മസിസിസ്റ്റ് ജുനിയര്‍ സയന്റിഫിക ഓഫീസര്‍, ലാബ് ടെക്‌നിഷ്യന്‍, എക്‌സ്‌റേടെക്‌നിഷ്യന്‍ : 8725-20000. മൈക്രോ ബയോളജിസ്റ്റ്: 9600-22090.

സ്വകാര്യ ആശുപത്രി മേഖലയില്‍ മിനിമം വേതനം പുതുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം സംബന്ധിച്ച് തൊഴിലാളിസംഘടനകളും മാനേജ്‌മെന്റുകളും ജീവനക്കാരും നല്‍കിയ ആക്ഷേപങ്ങളും പരാതികളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിരുന്നു. മിനിമം വേജസ് ഉപദേശകസമിതി മുമ്പാകെ എത്തിയ 350 പരാതികളും  സമിതി സിറ്റിംഗ് നടത്തി പരിശോധിച്ചിരുന്നു. ഏഴുതവണ സിറ്റിങ് നടത്തിയ ഉപദേശകസമിതി ഏപ്രില്‍ 13ന് കൊല്ലത്ത് ചേര്‍ന്നാണ്  സര്‍ക്കാരിന് വേതനപരിഷ്‌കരണം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും അവരുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതു തന്നെയാണ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കുന്നതും സംബന്ധിച്ചും സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ജീവനക്കാരുടെ വേതനത്തിലും ഇതര ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ധനവ് വരുത്തുന്നത് തൊഴില്‍ക്ഷമതയെ പ്രോത്സാഹിപ്പിക്കും. തൊഴില്‍മേഖലയില്‍ മെച്ചപ്പെട്ട തൊഴിലാളി-തൊഴിലുടമാ ബന്ധം കെട്ടിപ്പടുക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.