*ഇന്ത്യാ സ്‌കില്‍സ് കേരള മേഖലാതല മത്സരങ്ങള്‍ തുടങ്ങി

മികവിന്റെ അടിസ്ഥാനത്തില്‍ ഐടിഐകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കുമെന്നും ആഗോള തൊഴില്‍ വിപണിയിലെ മത്സരങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ യുവാക്കളെയും തൊഴിലാളികളെയും തൊഴില്‍ നൈപുണ്യമുള്ളവരാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യത്തിന്റെ പ്രാധാന്യം യുവാക്കളില്‍ എത്തിക്കുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ സ്‌കില്‍സ് കേരള മേഖലാതല മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തൊഴില്‍ നൈപുണ്യ ഗവേഷണം, പുതിയ സംരംഭങ്ങള്‍, നൂതന ആശയങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാനത്ത് പുതിയ സ്‌കില്‍സ് ലൈസിയവും കൂടുതല്‍ ഐടിഐകളും സ്ഥാപിക്കും. വ്യവസായ പരിശീലന പദ്ധതികളില്‍ കാലാനുസൃതമായ മാറ്റം വരുത്തി ഐടിഐകളെ നവീകരിച്ചു വരികയാണ്. തിരുവനന്തപുരം, കോഴിക്കോട് ഐടിഐകള്‍ ഇന്റര്‍നാഷണല്‍ ഐടിഐകളാക്കും. കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി പകരം നൂതന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മികച്ച ഐടിഐ പ്രിന്‍സിപ്പല്‍മാര്‍ ഇന്‍സ്ട്രക്ടര്‍മാര്‍, ട്രെയ്‌നികള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയ്‌നിംഗ് പി.കെ. മാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.